SHARE

വാല്‍വര്‍ദെയ്ക്കു പകരക്കാരനായി ബാഴ്‌ലോണയിലെത്തിയ സെറ്റിയന് വിജയത്തുടക്കം. ലാലിഗയില്‍ ഗ്രനാഡയെയാണ് ബാഴ്‌സ തകര്‍ത്തത്. എതിരില്ലാത്ത ഒരു ഗോളിനായിരുന്നു വിജയം. ലെയണല്‍ മെസ്സിയാണ് സെറ്റിയന് ആദ്യ മത്സരത്തില്‍ രക്ഷകനായത്. ഗോള്‍ രഹിതമായിരുന്നു ആദ്യ പകുതി. ഗ്രനാഡ ശക്തമായ പ്രതിരോധമായിരുന്നു ബാഴ്‌സയ്‌ക്കെതിരെ പുറത്തെടുത്തത്.

രണ്ടാം പകുതിയുടെ 76-ാം മിനിറ്റിലായിരുന്നു മെസ്സിയുടെ ഗോള്‍. 69-ാം മിനിറ്റില്‍ ഗ്രനാഡ താരം ജെര്‍മെയ്ന്‍ സാഞ്ചസ് ചുവപ്പ് കാര്‍ഡ് കണ്ട് പുറത്ത് പോയത് അവര്‍ക്കു തിരിച്ചടിയായി. കളിയുടെ 83 ശതമാനം സമയത്തോളം പന്ത് ബാഴ്‌സയുടെ കൈവശമായിരുന്നെങ്കിലും കൂടുതല്‍ ഗോളുകള്‍ നേടാന്‍ ഗ്രനാഡയുടെ പ്രതിരോധം അനുവദിച്ചില്ല.

എന്തായാലും ആദ്യ മത്സരത്തിലെ വിജയം സെറ്റിയന് മികച്ച തുടക്കം നല്‍കി. ലാലിഗയില്‍ 43 പോയിന്റുമായി ഒന്നാമതാണ് ബാഴ്‌സ. കോപ്പ ഡെല്‍ റേയിലാണ് ബാഴ്‌സയുടെ അടുത്ത മത്സരം. ഇബിസയാണ് ബാഴ്‌സയുടെ എതിരാളികള്‍.