SHARE

സ്പാനിഷ് സൂപ്പർക്ലബ് ബാഴ്സലോണ മുമ്പെങ്ങും നേരിടാത്തവണ്ണം കടുപ്പമേറിയ ഘട്ടത്തിലൂടെയാണിപ്പോൾ സഞ്ചരിച്ചുകൊണ്ടിരിക്കുന്നത്. താരങ്ങൾക്കേറ്റ പരുക്കും വിലക്കുമൊക്കെയായി വരാനിരിക്കുന്ന രണ്ട് പ്രധാന മത്സരങ്ങളിൽ ബാഴ്സ ഒരുപക്ഷെ ഇറങ്ങേണ്ടിവരിക ഏറ്റവും ദുർബല ടീമുമായിട്ടായിരിക്കും.

മാർച്ച് ഒന്നിനാണ് ലോകം മുഴുവൻ ഉറ്റുനോക്കുന്ന എൽ ക്ലാസിക്കോ പോരാട്ടം. ലാ ലി​ഗയിൽ ആദ്യ രണ്ട് സ്ഥാനങ്ങളിൽ ബാഴ്സയും റയലുമായതിനാൽ ഈ മത്സരത്തിലെ ഫലം നിർണായകമാകും. എന്നാൽ റയലിന്റെ മൈതാനത്ത് നടക്കുന്ന ഈ എൽ ക്ലാസിക്കോയിൽ ബാഴ്സയ്ക്ക് ഒരുപിടി സൂപ്പർ താരങ്ങൾ ഇല്ലാതെയാകും ഇറങ്ങേണ്ടിവരിക

മുൻനിരക്കാരായ ലൂയിസ് സുവാരസും ഓസ്മെൻ ഡെംബേലെയും നേരത്തെ തന്നെ പുറത്തായതിനാൽ അവരെ ഇനി സീസണിൽ പ്രതീക്ഷിക്കേണ്ട. ഇവരുടെ അഭാവത്തിൽ മുൻനിര പലപ്പോഴും ദയനീയമായി പരാജയപ്പെടാറുണ്ട്. ഇതിനുപുറമെ എൽ ക്ലാസിക്കോയിലേക്കെത്തുമ്പോൾ പ്രതിരോധനിര കൂടി ഈ പ്രശ്നം നേരിടേണ്ടിവരുമെന്നാണ് സൂചന. സ്പാനിഷ് താരങ്ങളായ സെർജി റോബെർട്ടോ, ജോർഡി ആൽബ, ജെറാർഡ് പിക്വെ എന്നിവർ അഭിമാനപ്പോരാട്ടം കളിച്ചേക്കില്ലെന്നാണ് റിപ്പോർട്ടുകൾ.

പരുക്കിന്റെ പിടിയിലായിട്ട് കുറച്ചായ റോബെർട്ടോയും ആൽബയും കളിക്കില്ലെന്ന കാര്യം ഏതാണ്ടുറപ്പാണ്. പിക്വെയ്ക്കാകട്ടെ നാപ്പോളിക്കെതിരായ ചാമ്പ്യൻസ് ലീ​ഗ് മത്സരത്തിനിടെയാണ് പരുക്കേറ്റത്. പിക്വെ കളിക്കുന്ന കാര്യവും സംശയത്തിലാണ്.

ലാ ലി​ഗ കഴിഞ്ഞ ചാമ്പ്യൻസ് ലീ​ഗിൽ നാപ്പോളിക്കെതിരായ പ്രീക്വാർട്ടർ രണ്ടാം പാദം ബാഴ്സയ്ക്കുണ്ട്. ആദ്യ പാദം സമനിലയിലായെങ്കിലും രണ്ടാം പാദം സ്വന്തം മൈതാനത്താണെന്ന ആശ്വാസം ബാഴ്സയ്ക്കുണ്ട്. എങ്കിലും മാർച്ച് 19-ന് നടക്കുന്ന ഈ മത്സരത്തിലും ഒരുപിടി സീനിയർ താരങ്ങൾ കളിക്കാൻ സാധ്യതയില്ല.

റോബർട്ടോയും ആൽബയും ഈ മത്സരവും കളിക്കാൻ സാധ്യതയില്ല. ഇവർക്ക് പുറമെ മധ്യനിരയിലെ സീനിയർ താരം സെർജിയോ ബുസ്ക്വെറ്റ്സും, പവർഹൗസ് അർട്ടൂറോ വിദാലും ഈ മത്സരത്തിൽ കളിക്കില്ല. സസ്പെൻഷനെ തുടർന്നാണ് ഇരുവരും പുറത്തിരിക്കേണ്ടിവരിക. ഇതിന് പുറമെ പുതിയ താരമായി ടീമിലെത്തിച്ചെങ്കിലും ബ്രാത്ത്വെയ്റ്റിന് ചാമ്പ്യൻസ് ലീ​ഗിൽ കളിക്കാനാകില്ലെന്നതും ബാഴ്സയെ അലട്ടുന്നുണ്ട്.