SHARE

യുവേഫ ചാമ്പ്യൻസ് ലീ​ഗിൽ ഇറ്റാലിയൻ ക്ലബ് എ.എസ് റോമയും ഇം​ഗ്ലീഷ് ക്ലബ് ലിവർപൂളും സെമിയിൽ. ബാഴ്സലോണയെ തോൽപ്പിച്ചാണ് റോമയുടെ സെമി പ്രവേശം. ലിവർപൂളാകട്ടെ മാഞ്ചസ്റ്റർ മാഞ്ചസ്റ്റർ സിറ്റിയെ തകർത്താണ് സെമി ഉറപ്പിച്ചത്.

അവിശ്വസനീയമാണ് ബാഴ്സലോണയുടെ പുറത്താക്കൽ. ആദ്യ പാദത്തിൽ റോമയ്ക്കെതിരെ ഒന്നിനെതിരെ നാല് ​ഗോളുകൾക്ക് വിജയിച്ചശേഷമാണ് ബാഴ്സയുടെ തോൽവി. റോമിൽ നടന്ന രണ്ടാം പാദ മത്സരത്തിൽ റോമ എതിരില്ലാത്ത മൂന്ന് ​ഗോളിന് ബാഴ്സയെ തോൽപ്പിച്ചു. ഇതോടെ രണ്ട് ടീമുകൾക്കും നാല് ​ഗോൾ വീതമായി. എന്നാൽ ബാഴ്സയുടെ ​ഗ്രൗണ്ടിൽ നേടിയ ഒരു എവേ ​ഗോളിന്റെ ആനുകൂല്യത്തിലാണ് റോമ വിജയം പിടിച്ചെടുത്തത്.

ബാഴ്സയ്ക്കെതിരായ വിജയതിതോടെ 1983-84 സീസണ് ശേഷം ആദ്യമായി റോമ ചാമ്പ്യൻസ് ലീ​ഗ് സെമിയിൽ പ്രവേശിച്ചു. ആറം മിനിറ്റിൽ എഡിൻ സെക്കോയിലൂടെയാണ് സ്വന്തം മൈതാനത്ത് റോമ ലീഡ് നേടിയത്. 58-ാം മിനിറ്റിൽ നായകൻ ഡാനിയൽ റോസിയും, 82-ാം മിനിറ്റിൽ കോസ്റ്റാസ് മൊണാലസും റോമയുടെ വിജയം ആധികാരികമാക്കി. ആദ്യപാദ മത്സരത്തിൽ സെൽഫ് ​ഗോളുകൾ നേടിയതിന്റെ പരിഹാരമാണ് റോസിയും മൊണാലസും നടത്തിയത്.

സ്വന്തം ​ഗ്രൗണ്ടിലും എവേ ​ഗ്രൗണ്ടിലും ആധികാരിക വിജയം നേടിയാണ് ലിവർപൂൾ സെമിയിലെത്തുന്നത്. ആദ്യ പാദം സ്വന്തം മൈതാനമായ ആൻഫീൽഡിൽ എതിരില്ലാത്ത മൂന്ന് ​ഗോളിന് സിറ്റിയെ തകർത്ത ലിവർപൂൾ, എവേ ​ഗ്രൗണ്ടിലും വിജയമാവർത്തിച്ചു. ഒന്നിനെതിരെ രണ്ട് ​ഗോളുകൾക്കായിരുന്നു ലിവർപൂളിന്റെ ജയം.

രണ്ടാം മിനിറ്റിൽ ​ഗബ്രിയേൽ ജീസസിലൂടെ സിറ്റിയാണ് ആദ്യം മുന്നിലെത്തിയത്. എന്നാൽ 56-ാം മിനിറ്റിൽ മുഹമ്മദ് സാലയും 77-ാം മിനിറ്റിൽ റോബർട്ട് ഫിർമിന്യോയും ലിവർപൂളിന് വിജയം നൽകി. ഇതോടെ ഇരുപാദങ്ങളിലുമായി ഒന്നിനെതിരെ അഞ്ച് ​ഗോളിന്റെ വൻജയത്തോടെയാണ് ലിവർപൂൾ സെമിയിലേക്ക് മാർച്ച് ചെയ്തത്