SHARE

ഈ സീസണിലെ ആദ്യ എൽ ക്ലാസിക്കോ പോരാട്ടത്തിൽ ബാഴ്സ താരം ഓസ്മെൻ ഡെംബേലെയ്ക്ക് കളിക്കാനാവില്ല. കഴിഞ്ഞ ദിവസത്തെ ലാ ലി​ഗ മത്സരത്തിനിടെ ചുവപ്പുകാർഡ് കണ്ട ഡെംബേലെയ്ക്ക് രണ്ട് മത്സരങ്ങളിൽ നിന്ന് വിലക്കേർപ്പെടുത്തിയതോടെയാണിത്.

സെവിയ്യക്കെതിരായ ലീ​ഗ് മത്സരത്തിനിടെ റഫറിയോട് തർക്കിച്ചതിനാണ് ഡെംബേലെയ്ക്ക് നേരെ ചുവപ്പുകാർഡ് ഉയർത്തിയത്. ബാഴ്സയുടെ തന്നെ മറ്റൊരു യുവതാരം റൊണാൾഡ് അരാജോയ്ക്ക് ചുവപ്പുകാർഡ് നൽകിയതിനെത്തുടർന്നായിരുന്നു ഡെംബേലെ റഫറിയുമായി കയർത്തത്.

ഡെംബേലെയ്ക്ക് നേരെ ചുവപ്പുകാർഡുയർത്തിയതിനെതിരെ ബാഴ്സ സ്പാനിഷ് ഫുട്ബോൾ ഫെഡറേഷന് അപ്പീൽ നൽകി. എന്നാൽ ഫെഡറേഷൻ ഇത് നിരസിക്കുകയും ഡെംബേലെയെ രണ്ട് മത്സരങ്ങളിൽ നിന്ന് വിലക്കുകയും ചെയ്തു.

ഇതോടെ 19-ാം തിയതി ഐബറിനെതിരെ നടക്കുന്ന ലീ​ഗ് മത്സരത്തിന് പുറമെ 26-ാം തീയതി നടക്കുന്ന എൽ ക്ലാസിക്കോയും ഫ്രഞ്ച് താരത്തിന് നഷ്ടമാകും. ബാഴ്സയുടെ മൈതാനമായ ന്യൂകാമ്പിലാണ് സീസണിലെ ആദ്യ റയൽ മഡ്രിഡ്-ബാഴ്സ പോരാട്ടം.