SHARE

സ്പാനിഷ് സൂപ്പർ ക്ലബ് ബാഴ്സലോണയുടെ ​ഗോളി മാർക്ക് ആന്ദ്രെ ടെർ സ്റ്റീ​ഗൻ റയൽ മഡ്രിഡിനെതിരായ എൽ ക്ലാസിക്കോ കളിച്ചേക്കില്ല. ക്ലബ് പരിശീലകൻ റൊണാൾഡ് കോമാനാണ് ഈ സൂചന നൽകിയത്. കാൽമുട്ടിന് നടത്തിയ ശസ്ത്രക്രിയക്ക് ശേഷം തിരിച്ചുവരവിനുള്ള ശ്രമത്തിലാണ് ഈ ജർമൻ ​ഗോളി.

കുറേ നാളുകളായി കാൽമുട്ടിന് ബുദ്ധിമുട്ട് നേരിട്ടതോടെ കഴിഞ്ഞ ഓ​ഗസ്റ്റ് 18-നാണ് ടെർസ്റ്റീ​ഗൻ ശസത്രക്രിയക്ക് വിധേയനായത്. രണ്ട് മാസത്തിനുള്ളിൽ താരത്തിന് കളിക്കളത്തിൽ തിരിച്ചെത്താമെന്നായിരുന്നു ആദ്യ റിപ്പോർട്ടുകൾ. കഴിഞ്ഞയാഴ്ച ടെർ സ്റ്റീ​ഗൻ വ്യക്തപരമായി പരിശീലനം ആരംഭിച്ചിരുന്നു. എന്നാലിപ്പോൾ താരത്തിന് കളിക്കളത്തിലേക്ക് മടങ്ങിയെത്തണമെങ്കിൽ മൂന്ന് ആഴ്ച കൂടി വേണ്ടിവരുമെന്നാണ് സൂചനകൾ. അടുത്തയാഴ്ച ടെർ സ്റ്റീ​ഗന് കളിക്കാനാകുമെന്ന് എനിക്ക് തോന്നുന്നില്ലെന്നായിരുന്നു ഇക്കാര്യത്തെക്കുറിച്ച് കോമാൻ പറഞ്ഞത്.

അടുത്ത ശനിയാഴ്ചയാണ് സീസണിലെ ആദ്യ എൽ ക്ലാസിക്കോ. ഇന്ത്യൻ സമയം രാത്രി ഏഴരയ്ക്ക് ബാഴ്സയുടെ തട്ടകമായ ന്യൂകാമ്പിലാണ് മത്സരം. ടെർ സ്റ്റീ​ഗൻ ഇല്ലെങ്കിൽ ഈ മത്സരത്തിൽ നെറ്റോ തന്നെയാണ് ബാഴ്സ ​ഗോൾവല കാക്കുക. എൽ ക്ലാസിക്കോ കളിച്ചില്ലെങ്കിൽ, അതിന് പിന്നാലെ തന്നെ യുവന്റസിനെതിരായ ചാമ്പ്യൻസ് ലീ​ഗ് മത്സരത്തിലും ടെർ സ്റ്റീ​ഗൻ കളിക്കാനിടയില്ല.