SHARE

സ്പാനിഷ് സൂപ്പർ ക്ലബ് ബാഴ്സലോണയിൽ നിന്ന് നെയ്മർ പി.എസ്.ജിയിലേക്ക് പോയിട്ട് വർഷം നാലാകുന്നു. ഇതിനിടെ പലതവണ താരത്തെ തിരിച്ചെത്തിക്കാൻ ബാഴ്സ ശ്രമിച്ചു. എന്നാൽ ഒന്നും വിജയിച്ചില്ല. ഇതോടെ ഇടയ്ക്ക് നെയ്മർ മോഹം ബാഴ്സ ഉപേക്ഷിച്ചു എന്നായിരുന്നു വാർത്തകൾ വന്നിരുന്നത്. എന്നാൽ നെയ്മറിന്റെ കാര്യത്തിൽ ബാഴ്സ പ്രതീക്ഷ കൈവിട്ടിട്ടില്ലെന്നാണ് പുതിയ റിപ്പോർട്ടുകൾ.

2022-ൽ നെയ്മറിന്റെ പി.എസ്.ജിയുമായുള്ള ഇപ്പോഴത്തെ കരാർ അവസാനിക്കും. ഇത് പൂർത്തിയായശേഷം ഫ്രീ ഏജന്റാകുന്ന നെയ്മറിനെ തിരികെയെത്തിക്കാനാണ് ബാഴ്സ ആലോചിക്കുന്നതെന്നാണ് സ്പാനിഷ് പത്രമായ മുണ്ടോ ഡിപോർട്ടീവോ റിപ്പോർട്ട് ചെയ്യുന്നത്. സൂപ്പർതാരവും ക്യാപ്റ്റനുമായി ലയണൽ മെസി സീസണൊടുവിൽ ബാഴ്സ വിടുമെന്ന അഭ്യൂഹങ്ങൾ ഇടയ്ക്ക് ശക്തമായിരുന്നു. എന്നാൽ ക്ലബ് തലപ്പത്ത് മാറ്റങ്ങൾ വന്നതോടെ മെസി ബാഴ്സയിൽ തുടരുമെന്ന സൂചനകളാണ് പുറത്തുവരുന്നത്.

മെസി ബാഴ്സയിൽ തുടരുകയാണെങ്കിൽ വീണ്ടും ഒന്നിക്കാനായി നെയ്മർ തിരിച്ചെത്താൻ തയ്യറാണെന്നാണ് സൂചനകൾ. നേരത്തെ മെസിയും നെയ്മറും ലൂയിസ് സുവാരസും ഒന്നിച്ചുണ്ടായിരുന്നപ്പോഴാണ് ബാഴ്സ അവസാനമായി ചാമ്പ്യൻസ് ലീ​ഗ് നേടിയത്. 2017-ലാണ് നെയ്മർ ബാഴ്സ വിട്ടത്.