SHARE

ബാഴ്സലോണ കോപ്പാ ഡെൽ റേ ക്വാർട്ടർ ഫൈനലിൽ പ്രവേശിച്ചു. ഇരുപാദങ്ങളിലുമായി നടന്ന മത്സരത്തിൽ ലെവന്റെയെ രണ്ടിനെതിരെ നാല് ​ഗോളുകൾക്ക് തോൽപ്പിച്ചാണ് ബാഴ്സയുടെ കുതിപ്പ്. ആദ്യ പാദത്തിൽ തോറ്റശേഷം രണ്ടാം പാദത്തിലെ ​ഗംഭീരജയത്തോടെയാണ് ബാഴ്സ മത്സരം കൈയ്യിലാക്കിയത്.

ലയണൽ മെസി, ലൂയിസ് സുവാരസ് തുടങ്ങിയ സൂപ്പർ താരങ്ങളൊന്നുമില്ലാതിരുന്ന ആദ്യ പാദ മത്സരത്തിൽ ഒന്നിനെതിരെ രണ്ട് ​ഗോളുകൾക്കായിരുന്നു ലെവന്റെയുടെ ജയം. എന്നാൽ ഇന്നലെ മെസി ടീമിൽ തിരിച്ചെത്തി. സ്വന്തം മൈതാനത്ത് നടന്ന മത്സരത്തിൽ എതിരില്ലാത്ത മൂന്ന് ​ഗോളിന് ലെവന്റെയെ തകർക്കുകയും ചെയ്തു. മെസി ഒരു ​ഗോൾ നേടിയപ്പോൾ ഇരട്ട​ഗോളുമായി തിളങ്ങിയത് ഓസ്മൻ ഡെംബെലെയാണ്.

റയൽ മഡ്രിഡ്, റയൽ ബെറ്റിസ്, സെവ്വിയ, വലൻസിയ, എസ്പാന്യോൾ, ​ഗെറ്റാഫെ, ജിറോണ, സ്പോർട്ടിങ് ജിജോൺ എന്നീ ക്ലബുകളും ക്വാർട്ടറിലിടം നേടിയിട്ടുണ്ട്. ഇതിൽ സ്പോർട്ടിങ് ജിജോൺ മാത്രമാണ് ഒന്നാം ഡിവിഷനിൽ നിന്നല്ലാതെയുള്ളത്. അത്ലെറ്റിക്കോ മഡ്രിഡിനെ ഞെട്ടിച്ചാണ് ജിറോണ അവസാന എട്ടിലെത്തിയത്.