SHARE
2018 ൽ ആർസനലിൽ നിന്ന് ബാഴ്സ ബി ടീമിലെത്തിയ മാർക്കസ് മക്ഗ്വെയിൻ

ചേട്ടന്മാർ ഈ വർഷത്തെ ലാലീഗ കിരീടം നേടിയെങ്കിലും അനിയന്മാർക്കിത് അത്ര നല്ല സമയമല്ല. പറഞ്ഞുവരുന്നത് ബാഴ്സലോണയുടെ ബി ടീമിനെക്കുറിച്ചാണ്. രണ്ടാം ഡിവിഷൻ സ്പാനിഷ് ലീഗിൽ ഇത്തവണ നിരാശാജനകമായ പ്രകടനം കാഴ്ച വെച്ച ബാഴ്സലോണയുടെ ബി ടീമിന് തരം താഴ്ത്തൽ ലഭിച്ചത് ആരാധകരെ മുഴുവൻ ഞെട്ടിച്ചിരിക്കുകയാണ്. ഇതോടെ അടുത്ത സീസൺ മുതൽ സ്പാനിഷ് ലീഗിന്റെ മൂന്നാം തട്ടിലാകും ബാഴ്സലോണയുടെ ബി ടീം കളിക്കുക.

തങ്ങളുടെ ചിരവൈരികളായ റയൽമാഡ്രിഡ് ഈ വർഷത്തെ ചാമ്പ്യൻസ് ലീഗ് കിരീടം നേടിയതിന് തൊട്ടു പിന്നാലെയെത്തിയ ഈ വാർത്ത ബാഴ്സലോണ ടീമിനും, അവരുടെ ആരാധകർക്കും സമ്മാനിക്കുന്ന ആഘാതം വളരെ വലുതാണ്. രണ്ടാം ഡിവിഷൻ മത്സരത്തിൽ ഒരു മത്സരം കൂടി അവശേഷിക്കുന്നുണ്ടെങ്കിലും കഴിഞ്ഞ ദിവസം അൽബസെറ്റിനോടെറ്റ ഗോൾ രഹിത സമനില ടീമിനെ തരംതാഴ്ത്തലിലേക്ക് നയിക്കുകയായിരുന്നു.

ടീമിന്റെ മോശം പ്രകടനങ്ങളെത്തുടർന്ന് പരിശീലകനായ ജെറാർഡ് ലോപ്പസിനെ കഴിഞ്ഞ ഏപ്രിലിൽ മാറ്റിയിരുന്നെങ്കിലും, പകരമെത്തിയ ഗാർസിയ പിമിയേന്റയ്ക്കും ടീമിനെ തരം താഴ്ത്തലിൽ നിന്ന് രക്ഷപെടുത്താനായില്ല. എങ്കിലും ഗാർസിയ വന്നതിന് ശേഷം ബാഴ്സ നിരയിൽ ഒരു പുത്തനുണർവ്വ് പ്രകടമായിരുന്നു. ഇത് കൊണ്ട് തന്നെ അടുത്ത സീസണിലും ടീമിന്റെ പരിശീലകനായി ഗാർസിയ തുടരുമെന്നാണ് റിപ്പോർട്ടുകൾ.