SHARE

2020-21 സീസണ് മുന്നോടിയായി നടന്ന തങ്ങളുടെ രണ്ടാം പ്രീസീസൺ മത്സരത്തിൽ ജിറോണയെ പരാജയപ്പെടുത്തി ബാഴ്സലോണ. സൂപ്പർ താരം ലയണൽ മെസി ഇരട്ട ഗോളുകളുമായി തിളങ്ങിയ മത്സരത്തിൽ 3-1 നാണ് കറ്റാലൻ ക്ലബ്ബ് വിജയം നേടിയത്. ഫിലിപ് കുട്ടീഞ്ഞോയാണ്‌ ബാഴ്സയുടെ ശേഷിക്കുന്ന ഒരു ഗോൾ നേടിയത്.

4-2-3-1 ഫോർമേഷനിലായിരുന്നു റൊണാൾഡ് കൂമാൻ ജിറോണയ്ക്കെതിരെ ബാഴ്സലോണയെ വിന്യസിപ്പിച്ചത്. ട്രിൻകാവോ, ലയണൽ മെസി, ഫിലിപ് കുടീഞ്ഞോ, അന്റോയിൻ ഗ്രീസ്മാൻ എന്നിവർ ടീമിന്റെ മുൻ നിരയിൽ ഇടം പിടിച്ചു‌. പ്രതിരോധത്തിൽ ജെറാഡ് പിക്വെയ്ക്ക് കൂട്ടായി റൊണാൾഡ് അരാജുവോ എത്തിയതായിരുന്നു ടീമിലെ മറ്റൊരു ശ്രദ്ധേയ കാര്യം.

-Advertisement-

ഇരുപത്തിയൊന്നാം മിനുറ്റിൽ ബ്രസീലിയൻ സൂപ്പർ താരം ഫിലിപ് കുട്ടീഞ്ഞോയിലൂടെ ബാഴ്സ അക്കൗണ്ട് തുറന്നു. ആദ്യ പകുതി അവസാനിക്കുന്നതിന് മുൻപായിരുന്നു ലയണൽ മെസിയുടെ ബുള്ളറ്റ് ഗോൾ പിറന്നത്. ബോക്സിന് വെളിയിൽ നിന്ന് താരം വലം കാലിൽ തൊടുത്ത റോക്കറ്റ് ഷോട്ട് വലയിലെത്തുമ്പോൾ ബാഴ്സലോണ 2-0‌ ന് മുന്നിലെത്തി. പുതിയ പരിശീലകൻ റൊണാൾഡ് കൂമാന് കീഴിൽ മെസിയുടെ രണ്ടാം ഗോൾ കൂടിയായിരുന്നു ഇത്. രണ്ടാം പകുതി ആരംഭിച്ച് ആറ് മിനുറ്റായപ്പോൾ മെസി മത്സരത്തിലെ‌ തന്റെ രണ്ടാം ഗോളും നേടി. അതേ സമയം നാൽപ്പത്തിയാറാം മിനുറ്റിൽ സാമുവൽ സയാസായിരുന്നു ജിറോണയുടെ ആശ്വാസ ഗോൾ കണ്ടെത്തിയത്.