SHARE

വരുന്ന സീസണിൽ സ്പാനിഷ് ക്ലബ് ബാഴ്സലോണയുടെ പ്രധാന ട്രാൻസ്ഫർ ലക്ഷ്യം ഇന്റർ മിലാൻ താരം ലോത്താരോ മാർട്ടിനെസാണ്. അർജന്റൈൻ താരമായ മാർട്ടിനെസിനെ ടീമിലെത്തിക്കണമെന്ന് ക്ലബിൽ ആവശ്യം തുടങ്ങിയിട്ട് കുറച്ചായി. പിന്നാലെ ഈ സീസണിലെ ടീമിന്റെ മോശം പ്രകടനവും കൂടിയയപ്പോൾ എങ്ങനെയെങ്കിലും മാർട്ടിനെസിനെ സ്വന്തമാക്കാനാണ് ബാഴ്സ പദ്ധതി.

എന്നാൽ മിന്നുന്ന ഫോമിൽ കളിക്കുന്ന മാർട്ടിനെസിനെ സ്വന്തമാക്കാൻ ബാഴ്സയ്ക്ക് പണം മാത്രം പോരെന്നാണ് റിപ്പോർട്ടുകൾ. താരത്തെ വിൽക്കാൽ ഇന്ററിന് ഇപ്പോഴും താൽപര്യമില്ല. ഈ സാഹചര്യത്തിൽ യുവതാരത്തിനായുള്ള ബാഴ്സയുടെ നീക്കം പരാജയപ്പെടാനുള്ള സാധ്യതയും തള്ളാനാകില്ല. അങ്ങനെ വന്നാൽ പകരം ആഴ്സനൽ ക്യാപ്റ്റൻ പിയറി എമ്റിക്ക് ഔബമെയാങ്ങിനെ റാഞ്ചാനാണ് കാറ്റലോണിയൻ ടീമിന്റെ പദ്ധതി. ആഴ്സനലുമായി ഒരു വർഷം കൂടി മാത്രം കരാർ ബാക്കിയുള്ള ഔബ ക്ലബ് വിടാനുള്ള താൽപര്യം നേരത്തെ തന്നെ പ്രകടിപ്പിച്ചിട്ടുണ്ട്.

അതേസമയം തന്നെ സ്പെയിനിൽ നിന്നുള്ള ചില റിപ്പോർട്ടുകൾ പ്രകാരം ഔബ ബാഴ്സയിലേക്കുള്ള വരവ് ഏതാണ്ടുറപ്പിച്ച മട്ടാണ്. ഔബയുടെ കുടുബാം​ഗങ്ങളിൽ ചിലർ ഇതിനകം ബാഴ്സലോണയ്ക്കടുത്ത താമസമായിട്ടുണ്ടെന്നാണ് സൂചന. ഔബയെ നിലനിർത്താൻ ശ്രമിക്കുമെന്നാണ് ഇപ്പോഴും ആഴ്സനൽ പറയുന്നത്. എന്നാൽ ക്ലബിന് ചാമ്പ്യൻസ് ലീ​ഗിൽ യോ​ഗ്യത നേടാനായില്ലെങ്കിൽ ഔബ ലണ്ടൻ വിടുമെന്ന് തന്നെയാണ് സൂചന.