SHARE

ചാമ്പ്യന്‍സ് ലീഗില്‍ അപ്രതീക്ഷിത കുതിപ്പ് നടത്തിയ അയാക്‌സില്‍ നിന്ന് കൂടുതല്‍ താരങ്ങളെ ബാഴ്‌സലോണ നോട്ടമിട്ടതായി റിപ്പോര്‍ട്ട്. നേരത്തെ അയാക്‌സ് മധ്യനിര താരം ഫ്രെങ്കി ഡി ജോംഗിനെ ബാഴ്‌സ സ്വന്തം തട്ടകത്തിലെത്തിച്ചിരുന്നു. ഇപ്പോള്‍ മറ്റൊരു മധ്യനിര താരമായ ഡോണി വാന്‍ ഡെ ബീകിനെ ബാഴ്‌സ സ്വന്തമാക്കാന്‍ ശ്രമിക്കുന്നതായി സ്പാനിഷ് മാധ്യമങ്ങളാണ് റിപ്പോര്‍ട്ട് ചെയ്തത്.

അയാക്‌സിനെ ചാമ്പ്യന്‍സ് ലീഗിന്റെ സെമിഫൈനല്‍ വരെ എത്തിക്കുന്നതില്‍ നിര്‍ണ്ണായക പങ്കുവഹിച്ച താരമാണ് വാന്‍ ഡെ ബീക്. യുവന്റസിനും ടോട്ടനത്തിനും എതിരെ ചാമ്പ്യന്‍സ് ലീഗില്‍ എവേ ഗോളുകള്‍ സ്വന്തമാക്കി ശ്രദ്ധ നേടിയിരുന്നു 22കാരനായ താരം. 2015 മുതല്‍ അയാക്‌സിന് വേണ്ടി കളിക്കുന്ന താരം നെതര്‍ലന്‍ഡിന് വേണ്ടി അഞ്ചു മത്സരങ്ങളിലും കളത്തിലിറങ്ങിയിട്ടുണ്ട്. താരത്തിന് പുറമേ, അയാക്‌സ് നായകന്‍ മത്തിയസ് ഡി ലിറ്റിനെയും ബാഴ്‌സ നോട്ടമിട്ടതായി സൂചനയുണ്ട്.