SHARE

ലാ ലി​ഗ പോരാട്ടത്തിൽ ബാഴ്സലോണയെ സമനിലയിൽ തളച്ച് അത്ലെറ്റിക്കോ മഡ്രിഡ്. ബാഴ്സയുടെ മൈതാനത്ത് നടന്ന മത്സരത്തിൽ ഇരുടീമുകളും രണ്ട് ​ഗോൾ വീതം നേടി. സമനില വഴങ്ങിയതോടെ ബാഴ്സയുടെ ലീ​ഗ് കിരീടപ്പോരാട്ടത്തിനും തിരിച്ചടി നേരിട്ടു. യൂറോപ്പിൽ നടന്ന മറ്റ് മത്സരങ്ങളിൽ യുവന്റസും മാഞ്ചസ്റ്റർ യുണൈറ്റഡും വിജയം നേടി

ന്യൂകാമ്പിൽ നടന്ന മത്സരത്തിന്റെ പത്താം മിനിറ്റിൽ തന്നെ ബാഴ്സ ലീഡെടുത്തു. അത്ലെറ്റിക്കോ താരം ഡീ​ഗോ കോസ്റ്റയുടെ സെൽഫ് ​ഗോളിൽ നിന്നായിരുന്നു ഇത്. എന്നാൽ പത്ത് മിനിറ്റിനകം തന്നെ പെനാൽറ്റി ലക്ഷ്യത്തിലെത്തിച്ച് സാവുൾ നി​ഗ്വസ് അത്ലെറ്റിക്കോയെ ഒപ്പമെത്തിച്ചു. ഇതോടെ ആദ്യ പകുതിയിൽ ഇരുടീമും തുല്യത പാലിച്ചു.

രണ്ടാം പകുതി തുടങ്ങി അഞ്ച് മിനിറ്റിനുള്ളിൽ ബാഴ്സ ലീഡെടുത്തു. പെനാൽറ്റി ലക്ഷ്യത്തിലെത്തിച്ച് ലയണൽ മെസിയാണ് ബാഴ്സയെ മുന്നിലെത്തിച്ചത്. മെസിയുടെ പ്രൊഫഷനൽ കരിയറിലെ ഏഴുനൂറാം ​ഗോളായിരുന്നു ഇത്. ഈ ലീഡിന് അധികം ആയുസുണ്ടായിരുന്നില്ല. 62-ാം മിനിറ്റിൽ ഒരിക്കൽ കൂടി പെനാൽറ്റി വലയിലെത്തിച്ച് സാവുൾ തന്നെ അത്ലെറ്റിക്കോയെ വീണ്ടും ഒപ്പം കൊണ്ടുവന്നു

-Advertisement-

സമനില വഴങ്ങിയതോടെ ഒന്നാമതുള്ള റയൽ മഡ്രിഡിനെ മറികടക്കാനുള്ള അവസരം ബാഴ്സലോണയ്ക്ക് നഷ്ടമായി. അടുത്ത ​ദിവസം ​ഗെറ്റാഫെയെ തോൽപ്പിക്കുകയും കൂടി ചെയ്താൽ റയലിന് ബാഴ്സയ്ക്ക് മേലുള്ള ലീഡ് നാല് പോയിന്റാക്കി ഉയർത്താം.

സെരി എയിൽ ജെനോവയെ ഒന്നിനെതിരെ മൂന്ന് ​ഗോളുകൾക്കാണ് യുവന്റസ് തകർത്തത്. യുവന്റസിനായി പൗളോ ഡിബാല, ക്രിസ്റ്റ്യാനോ റൊണാൾഡോ, ഡ​ഗ്ലസ് കോസ്റ്റ എന്നിവർ വലകുലുക്കി. ജെനോവയുടെ ഏക​ഗോൾ ആന്ദ്രേ പിനാമോണ്ടിയുടെ വകയായിരുന്നു.

ഇം​ഗ്ലീഷ് പ്രീമിയർ ലീ​ഗിൽ ബ്രൈട്ടനെ എതിരില്ലാത്ത മൂന്ന് ​ഗോളിനാണ് യുണൈറ്റഡ് തരിപ്പണമാക്കിയത്. യുണൈറ്റഡിനായി പോർച്ചു​ഗീസ് താരം ബ്രൂണോ ഫെർണാണ്ടസ് ഇരട്ട​ഗോൾ നേടി. കൗമാരതാരം മേസൺ ​ഗ്രീൻവുഡിന്റെ വകയായിരുന്നു ഒരു ​ഗോൾ.