SHARE

ഗോളടിക്കുന്നതിൽ കുറവൊന്നുമില്ലെങ്കിലും സൂപ്പർ താരം ലൂയിസ് സുവാരസ് അടുത്ത സീസണിൽ ബാഴ്സലോണയിലുണ്ടാകാൻ സാധ്യത കുറവാണ്. അടുത്ത സീസണിലേക്ക് സുവാരസിന് പകരക്കാരനെ കണ്ടെത്താനുള്ള ശ്രമങ്ങൾ ബാഴ്സ തുടങ്ങിയതായാണ് റിപ്പോർട്ടുകൾ.

കഴിഞ്ഞ സീസണിൽ തന്നെ സുവാരസിനെ ഒഴിവാക്കാൻ ബാഴ്സ ശ്രമിച്ചിരുന്നു. ബാഴ്സ തന്റെ പകരക്കാരനെ തേടുന്നതായി സുവാരസ് തന്നെ പറയുകയും ചെയ്തിരുന്നു. എന്നാൽ സൂപ്പർതാരവും അടുത്ത സുഹൃത്തുമായ ലയണൽ മെസി ഇടപെട്ടാണ് സുവാരസിനെ ടീമിൽ നിലനിർത്തിയത്.

എന്നാൽ ഇനിയും സുവാരസിനെ നിലനിർത്താൻ ബാഴ്സ ശ്രമിച്ചേക്കില്ലെന്നാണ് സൂചനകൾ. ​ഗോളടിക്കുന്നുണ്ടെങ്കിലും പലപ്പോഴും ഒരുപാട് അവസരങ്ങൾ സുവാരസ് പാഴാക്കുന്നതായി വിമർശനമുണ്ട്. ഒപ്പം ഇപ്പോൾ തുടർച്ചയായി പരുക്കേൽക്കുന്നതും സുവാരസിന് പ്രതികൂലമായി മാറി.

സുവാരസിന് പകരമായി നാല് യുവതാരങ്ങളെയാണ് ബാഴ്സ പരി​ഗണിക്കുന്നത്. ഇന്റർ മിലാന്റെ അർജന്റൈൻ താരം ലോത്തോ മാർട്ടിനെസിന്റെ പേരാണ് ചർച്ചകളിൽ മുന്നിലുള്ളത്. ഇക്കുറി മാത്രം ഇന്ററിലെത്തിയ മാർട്ടിനെസ് ഇതിനകം മിന്നുന്ന ഫോമിലാണ്. അർജന്റീന ടീമിനായും അപാര പ്രകടനമാണ് മാർട്ടിനെസ് നടത്തുന്നത്.

മാർട്ടിനെസിന് പുറമെ എ.സി.മിലാന്റെ പോർച്ചു​ഗീസ് താരം റാഫേൽ ലിയോ, നെതർലൻഡ് താരം ഡോൺയെൽ മാലൻ, ഫ്രഞ്ച് ക്ലബ് ലിലെയുടെ നൈജീരിയൻ താരം വിക്ടർ ഓസിമെൻ എന്നിവരും ബാഴ്സയുടെ പരി​ഗണനയിലുണ്ട്. മാർട്ടിനെസിനോളം ഇല്ലെങ്കിലും സ്വന്തം ക്ലബുകളുടെ ഭാവി താരമെന്ന് വിശേഷിപ്പിക്കുന്നവരാണ് ഈ മുവരും. അതിനാൽ തന്നെ ദീർഘകാലത്തേക്ക് പരി​ഗണിക്കുക എന്ന ലക്ഷ്യമാണ് ബാഴ്സയുടേയും മുന്നിൽ