SHARE

ഇക്കുറി ബാഴ്സലോണ വിടുമെന്ന് കരുതപ്പെട്ടിരുന്ന താരമാണ് ഉറുഗ്വെൻ സ്ട്രൈക്കർ ലൂയി സുവാരസ്‌‌. യുവന്റസിലേക്ക് താരം പോയേക്കുമെന്ന് സൂചനകൾ ഉണ്ടായിരുന്നുവെങ്കിലും പാസ്പോർട്ട് സംബന്ധമായ വിഷയങ്ങളെത്തുടർന്ന് ആ സാധ്യതകൾ അവസാനിച്ചു. ഇതോടെ താരം ഇക്കുറി ബാഴ്സയിൽ തുടർന്നേക്കുമെന്ന് റിപ്പോർട്ടുകൾ വന്നിട്ടുണ്ട്.

അതേ സമയം സുവാരസ് ഇക്കുറി കറ്റാലൻ ക്ലബ്ബിൽ തുടർന്നാലും താരത്തിന് കളിക്കാൻ കാര്യമായ അവസരം ലഭിക്കില്ലെ‌ന്നും, പരിശീലകൻ റൊണാൾഡ് കൂമാൻ ടീമിന്റെ സൈഡ് ബെഞ്ചിൽ സുവാരസിനെ സ്ഥിരമായി ഇരുത്തുമെന്നും റിപ്പോർട്ടുകൾ വന്നിരുന്നു. അതിനിടെ ഇപ്പോളിതാ കൂമാൻ തന്നെ സുവാരസിന്റെ ഭാവി കാര്യത്തിൽ വ്യക്തത വരുത്തി‌ രംഗത്ത് എത്തിയിരിക്കുന്നു.

-Advertisement-

സുവാരസ് ഇക്കുറി ബാഴ്സലോണയിൽ തുടർന്നാൽ, ടീമിലുള്ള മറ്റൊരു താരമായി തന്നെ കണക്കാക്കുമെന്നാണ് കൂമാൻ പറയുന്നത്. സുവാരസുമായി താൻ സംസാരിച്ചെന്നും, അദ്ദേഹത്തിന്റെ ട്രാൻസ്ഫറിനായുള്ള സാധ്യതകൾ തങ്ങൾ പരിശോധിക്കുന്നുണ്ടെന്നും പറഞ്ഞ കൂമാൻ, തങ്ങൾ കരാറുകളെ ബഹുമാനിക്കുന്നുണ്ടെന്നും, അതിനാൽ സുവാരസ് ടീമിലുണ്ടെങ്കിൽ അദ്ദേഹം തങ്ങളുടെ സ്ക്വാഡിന്റെ ഭാഗമായിരിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. കഴിഞ്ഞ ദിവസം ടിവി ത്രീയോട് സംസാരിക്കവെയായിരുന്നു കൂമാൻ ഇക്കാര്യം പറഞ്ഞത്.