SHARE

സ്പാനിഷ് ലാലീഗയിൽ ബാഴ്സലോണയ്ക്ക് തകർപ്പൻ ജയം. ക്യാമ്പ്നൗവിൽ തങ്ങളുടെ സ്വന്തം തട്ടകത്തിൽ നടന്ന പോരാട്ടത്തിൽ ഒന്നിനെതിരെ മൂന്ന് ഗോളുകൾക്ക് ലെഗാനസിനെയാണ് അവർ പരാജയപ്പെടുത്തിയത്‌. ഉസ്മാൻ ഡെംബലെ, ലൂയി സുവാരസ്, ലയണൽ മെസ്സി എന്നിവർ ബാഴ്സയ്ക്കായി ഗോളുകൾ നേടിയപ്പോൾ ബ്രാത്ത് വൈറ്റ്, ലെഗാനസിന്റെ ആശ്വാസ ഗോൾ കണ്ടെത്തി. വിജയത്തോടെ ലീഗ് പോയിന്റ് പട്ടികയിൽ രണ്ടാം സ്ഥാനക്കാരായ അത്ലറ്റിക്കോ മാഡ്രിഡുമായുള്ള ‌വ്യത്യാസം, അഞ്ചാക്കി ഉയർത്താൻ ബാഴ്സയ്ക്ക് കഴിഞ്ഞു.

ഇംഗ്ലീഷ് പ്രീമിയർ ലീഗിൽ, കരുത്തരായ മാഞ്ചസ്റ്റർ സിറ്റി, പോയിന്റ് പട്ടികയിൽ ഏറ്റവും താഴെയുള്ള ഹഡേഴ്സ്ഫീൽഡ് ടൗണിനെ മറുപടിയില്ലാത്ത മൂന്ന് ഗോളുകൾക്ക് തകർത്തു. ഡാനിലോ, സ്റ്റർലിംഗ്, സാനെ എന്നിവരാണ് സിറ്റിയുടെ വിജയ ഗോളുകൾ നേടിയത്. പ്രീമിയർ ലീഗിൽ ഇന്നലെ നടന്ന മറ്റൊരു പ്രധാന പോരാട്ടത്തിൽ ടോട്ടൻഹാം ഹോട്സ്പർ, ഒന്നിനെതിരെ രണ്ട് ഗോളുകൾക്ക് ഫുൾഹാമിനെ പരാജയപ്പെടുത്തി.