SHARE

കഴിഞ്ഞ ദിവസമാണ് ബ്രസീൽ മധ്യനിര താരം പൗളീഞ്ഞോ സ്പാനിഷ് ക്ലബ്ബ് ബാഴ്സലോണയിൽ നിന്ന് ചൈനീസ് ക്ലബ്ബ് ഗുവാംഗ്ഷൂ എവർഗ്രാൻഡിലെത്തിയത്. 50 മില്ല്യൺ യൂറോയായിരുന്നു പൗളീഞ്ഞോയെ വിറ്റതിലൂടെ ബാഴ്സ മാനേജ്മെന്റിന്റെ കീശയിലെത്തിയത്. ഇതോടെ ബാഴ്സ വിൽപ്പന നടത്തുന്ന ഏറ്റവും വിലപിടിപ്പുള്ള മൂന്നാമത്തെ താരമായും പൗളീഞ്ഞോ മാറി.

കഴിഞ്ഞ സീസണിൽ പി.എസ്.ജി യിലേക്ക് പോയ ബ്രസീലിയൻ സൂപ്പർ താരം നെയ്മറാണ് ബാഴ്സ വിറ്റ ഏറ്റവും വില കൂടിയ കളികാരൻ. 222 മില്ല്യൺ യൂറോയായിരുന്നു നെയ്മറുടെ ട്രാൻസ്ഫർ തുക. ലിസ്റ്റിൽ രണ്ടാം സ്ഥാനത്തുള്ളത് പോർച്ചുഗൽ താരം ലൂയി ഫിഗോയാണ്. ബാഴ്സയുടെ ചിരവൈരികളായ റയൽമാഡ്രിഡ്, ബാഴ്സലോണയിൽ നിന്ന് ഫിഗോയെ സ്വന്തമാക്കിയത് 60 മില്ല്യൺ യൂറോയ്ക്കാണ്. ഇതിന് പിന്നിലാണ്‌ പൗളീഞ്ഞോ. 40 മില്ല്യൺ യൂറോയ്ക്ക് ആഴ്സനലിന് വിറ്റ അലക്സിസ് സാഞ്ചസും, 33 മില്ല്യൺ യൂറോയ്ക്ക് ചെൽസിയിലേക്ക് പോയ സെസ്ക് ഫാബ്രിഗാസുമാണ് ബാഴ്സലോണ വിൽപ്പന നടത്തിയ ഏറ്റവും വില കൂടിയ താരങ്ങളിൽ പിന്നാലെയുള്ളത്.

ഈ ലിസ്റ്റിൽ 6 മുതൽ 10 വരെ സ്ഥാനങ്ങളിലുള്ളവർ ഇപ്രകാരമാണ്,

6. യായാ ടൂറേ – മാഞ്ചസ്റ്റർ സിറ്റി (30 മില്ല്യൺ യൂറോ)

7. പെഡ്രോ റൊഡ്രീഗസ് – ചെൽസി (28 മില്ല്യൺ യൂറോ)

8.റൊണാൾഡീഞ്ഞോ – എ.സി മിലാൻ (25 മില്ല്യൺ യൂറോ)

9.തിയാഗോ അൽകാൻട്ര – ബയേൺ മ്യൂണിക്ക് (25 മില്ല്യൺ യൂറോ)

10. റൊണാൾഡോ – ഇന്റർമിലാൻ (20 മില്ല്യൺ യൂറോ).