SHARE

മാഞ്ചസ്റ്റർ യുണൈറ്റഡിന്റെ മധ്യനിരയിലെ കുന്തമുനയായ പോൾ പോഗ്ബയെ ടീമിലെത്തിക്കാൻ ബാഴ്സലോണ ശ്രമം നടത്തുന്നതായി റിപ്പോർട്ട്. സ്പാനിഷ് മാധ്യമമായ മുണ്ടോ ഡിപ്പോർട്ടീവോയാണ് ഇക്കാര്യം റിപ്പോർട്ട് ചെയ്യുന്നത്.  യുണൈറ്റഡ് പരിശീലകൻ മൗറീഞ്ഞോയുമായും അത്ര രസത്തിലല്ല പോഗ്ബ എന്ന വാർത്തകൾ ഉണ്ടായിരുന്നു.

ആന്ദ്രെസ് ഇനിയേസ്റ്റക്ക് പകരക്കാരനായി പേരുകേട്ട ബാഴ്സയുടെ മധ്യനിരയുടെ പൂർണ്ണ ഉത്തരവാദിത്വവും പോഗ്ബയെ ഏൽപ്പിക്കാനാണ് ബാഴ്സയുടെ നീക്കം. സൂപ്പർ താരത്തെ വിട്ടുനൽകാൻ യുണൈറ്റഡും ഒരുക്കമാണെന്നാണ് സൂചനകൾ. എന്നാൽ പകരം ക്രോയേഷ്യയുടെ റാകിറ്റിച്ചിനെയാണ് മൗറിഞ്ഞോ ആവശ്യപ്പെട്ടിരിക്കുന്നത്. റാകിറ്റിച്ചിനെക്കാൾ മൂല്യമുള്ള പോഗ്ബയെ ഒഴിവാക്കിയാലും ക്ലബ്ബിന് വലിയ സാമ്പത്തിക നഷ്ടമുണ്ടാകില്ലായെന്നും യുണൈറ്റഡ് കണക്കുകൂട്ടുന്നു.

കഴിഞ്ഞ ലോകകപ്പിലുൾപ്പടെ ഇരുവരുടെയും പ്രകടനം മികച്ചതാണ്. ഫ്രാൻസിന് ലോക കിരീടം നേടികൊടുക്കുന്നതിൽ പോഗ്ബയുടെ പങ്ക് വലുതായിരുന്നു. ഫൈനൽ മത്സരത്തിൽ ക്രോയേഷ്യക്കെതിരെ ഒരു മികച്ച ഗോളും അദ്ദേഹം കണ്ടെത്തിയിരുന്നു. 2016 ൽ പോഗ്ബ യുണൈറ്റഡിൽ എത്തിയ പോഗ്ബ 57 മത്സരങ്ങളിൽ നിന്നായി 11 ഗോളുകളും നേടിയിട്ടുണ്ട്.