SHARE

ബ്രസീല്‍ സൂപ്പര്‍ താരം നെയ്മറിനെതിരെ കടുത്ത ആരോപണങ്ങള്‍ ഉയര്‍ത്തിയിരിക്കുകയാണ് മുന്‍ ക്ലബായ ബാഴ്‌സലോണയുടെ വൈസ് പ്രസിഡന്റ് ജോര്‍ഡി മെസ്റ്റര്‍. പി.എസ്.ജിയിലേക്ക് ചേക്കേറുന്നതിന് മുന്നോടിയായി, നെയ്മര്‍ ബാഴ്‌സയ്ക്ക് മുന്നില്‍ ഒളിച്ചുകളി നടത്തുകയായിരുന്നെന്നാണ് മെസ്റ്ററിന്റെ ആരോപണം. ഡയാരിയോ സ്‌പോര്‍ട്ടിന് നല്‍കിയ അഭിമുഖത്തിലാണ് അദ്ദേഹം ഇക്കാര്യം പറഞ്ഞത്.

നെയ്മര്‍ ബാഴ്‌സയില്‍ തുടരുമെന്ന് 200 ശതമാനം ഉറപ്പായിരുന്നു. എന്നാല്‍ സംഭവിച്ചത് മറിച്ചാണ്. നെയ്മറുടെ കൂടുമാറ്റം സംഭവിച്ച രീതിയാണ് തന്നെ വേദനിപ്പിക്കുന്നത്, നെയ്മറുമായും അദ്ദേഹത്തിന്റെ പിതാവുമായും ഞങ്ങള്‍ നിരന്തരം ചര്‍ച്ചയിലായിരുന്നു എന്നാല്‍ അവര്‍ ഒന്നും തുറന്നു പറഞ്ഞില്ല. ഫാബ്രിഗസും, പെഡ്രോയും, സാഞ്ചസും ഒക്കെ ചെയ്തതുപോലെ, ടീം വിടണം എന്ന് നെയ്മര്‍ ആവശ്യപ്പെട്ടിരുന്നെങ്കില്‍ തീര്‍ച്ചയായും അതിനായി കരാര്‍ തയ്യാറാക്കുമായിരുന്നു എന്നാല്‍ അങ്ങനെ സംഭവിച്ചില്ല, നെയ്മര്‍ ഞങ്ങളുടെ മുന്നില്‍ ഒളിച്ചുകളിക്കുകയായിരുന്നു, അദ്ദേഹം പറഞ്ഞു.

സീസണ്‍ തുടക്കത്തിലാണ് നെയ്മര്‍ റിക്കാര്‍ഡ് തുകയ്ക്ക് ബാഴ്‌സയില്‍ നിന്ന് പി.എസ്.ജിയിലെത്തുന്നത്. പിന്നീട് തുടര്‍ച്ചയായി വിവാദങ്ങളും ചര്‍ച്ചകളുമുണ്ടായി. ലയണല്‍ മെസിയുടെ നിഴലില്‍ നിന്ന് പുറത്ത് കടക്കാനാണ് നെയ്മര്‍ ബാഴ്‌സ വിട്ടതെന്ന് സഹതാരം ഡാനി ആല്‍വസ് അടുത്തിടെ പറഞ്ഞിരുന്നു. ഇതിന് പിന്നാലെ നെയ്മര്‍ പോയതോടെ ബാഴ്‌സ ടീം സന്തുലിതമായെന്ന് മെസിയും പറഞ്ഞിരുന്നു. ഇപ്പോള്‍ ബാഴ്‌സലോണയുടെ ഉന്നത അധകൃതരുടെ ഭാഗത്ത് നിന്നുള്ള ആരോപണം വരും ദിവസങ്ങളില്‍ ചര്‍ച്ചായാകുമെന്നാണ് കരുതുന്നത്.