SHARE

സ്പാനിഷ് സൂപ്പർ ക്ലബ് ബാഴ്സലോണ പരിശീലക സ്ഥാനത്തേക്ക് മാർസെലോ ​ഗലാർഡോയെ പരി​ഗണിക്കുന്നതായി സൂചനകൾ. അർജന്റൈൻ ക്ലബ് റിവർ പ്ലേറ്റിന്റെ പരിശീലകനാണ് ​ഗലാർഡോ. നിലവിലെ പരിശീലകൻ ഏണസ്റ്റോ വാൾവെർദെയെ പുറത്താക്കാനുള്ള സമ്മർദം ഏറുന്നതിനിടെയാണ് ഈ റിപ്പോർട്ടുകൾ വരുന്നത്.

ബാഴ്സയുടെ ഈ സീസണിലെ പ്രകടനം ഇതിനകം തന്നെ വാൾവെർദെയ്ക്ക് പുറത്തേക്ക് വഴിയൊരുക്കാൻ ഇടയാക്കുന്നതാണ്. എന്നാൽ ഇതുവരെ ബാഴ്സ അധികൃതർ അത്തരത്തിൽ നീക്കങ്ങളൊന്നും നടത്തിയിരുന്നില്ല. എന്നാൽ കഴിഞ്ഞ ദിവസങ്ങളായി അർജന്റീനക്കാരനായ ​ഗലാർഡോയുടെ പേര് ബാഴ്സ പരി​ഗണിക്കുന്നതായി വിവിധ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു. 2014 മുതൽ റിവർപ്ലേറ്റിന്റെ പരിശീലകനാണ് മുൻ ദേശീയ താരം കൂടിയായ ​ഗലാർഡോ.

റിവർപ്ലറ്റിനെ ഇതിനകം രണ്ട് കോപ്പാ ലിബെർട്ടഡോസ് കിരീടത്തിലേക്ക് നയിച്ച ​ഗലാർഡോ ഇക്കുറിയും ടീമിനെ ഫൈനലിലെത്തിച്ചിട്ടുണ്ട്. ഈ മികച്ച റെക്കോർഡ് തന്നെയാണ് ബാഴ്സയെ ആകർഷിച്ചതും. എന്നാൽ ഇത്തരത്തിലുള്ളവ വെറും അഭ്യൂഹങ്ങളാണെന്നാണ് ​ഗലാർഡോ പറയുന്നത്. റിവർപ്ലേറ്റിനെ ഇക്കുറിയും കോപ്പാ ലിബെർട്ടഡോസ് ജേതാക്കളാക്കലാണ് ലക്ഷ്യമെന്നാണ് ​ഗലാർഡോ പറയുന്നത്.

തന്നെ ഇതുവരെ ആരും സമീപിച്ചിട്ടില്ലെന്നും ​ഗലാർഡോ കൂട്ടിച്ചേർത്തു. അതേസമയം തന്നെ റിവർപ്ലേറ്റ് സ്പോർട്ടിങ് ഡയറക്ടർ എൻസോ ഫ്രാൻസെസ്കോളി മറിച്ചൊരു സൂചന നൽകി. വരും നാളുകളിൽ എന്ത് സംഭവിച്ചാൽ ഞങ്ങൾ അത് നേരിടാൻ തയ്യാറാകണെമെന്നായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം.