SHARE

ഒട്ടേറെ സൂപ്പർതാരങ്ങൾ കളിച്ചിട്ടുള്ള ക്ലബാണ് ബാഴ്സലോണ. 21-ാം നൂറ്റാണ്ടിന്റെ ഇതുവരെയുള്ള ചരിത്രം പരിശോധിച്ചാൽ ഏറ്റവും മികച്ച ടീമും അവരാണെന്ന് പറയാം. പ്രധാനമായും വിഖ്യാതമായ ലാ മാസിയ അക്കാദമിയിൽ നിന്നുള്ള താരങ്ങളാണ് ബാഴ്സയുടെ കുതിപ്പിന് ഇന്ധമാകുക. ഇിനുപുറമെ ട്രാൻസ്ഫർ ജാലകത്തിൽ നടത്തിയ ചില കിടിലൻ നീക്കങ്ങളും ബാഴ്സയുടെ ചരിത്രം രചിക്കുന്നതിൽ പ്രധാന പങ്ക് വഹിച്ചു.

ലൂയിസ് സുവാരസ്, നെയ്മർ, സാമുവൽ എറ്റു, റൊണാൾഡീന്യോ തുടങ്ങിയവരൊക്കെ മറ്റ് ടീമുകളിൽ നിന്ന് ബാഴ്സയിലെത്തി മികവ് തെളിയിച്ചവരാണ്. എന്നാൽ പ്രതീക്ഷയോടെ എത്തിച്ചശേഷം വൻപരാജയമായി മാറിയ ചില താരങ്ങളുടെ ബാഴ്സയിലുണ്ട്. അത്തരം താരങ്ങളുൾപ്പെടുന്ന 21-ാം നൂറ്റാണ്ടിലെ ഫ്ലോപ്പ് ഇലവൻ തിരഞ്ഞെടുത്തിരിക്കുകയാണ് മാർക്ക ഇപ്പോൾ. ഇതിൽ കളിക്കളത്തിൽ പരാജയപ്പെട്ടതിനൊപ്പം ടീമുമായുള്ള ബന്ധവും പരി​ഗണിച്ചിട്ടുണ്ട്.

നെതർലൻഡ്കാരനായ റിച്ചാർഡ് ഡുട്രുവലാണ് മാർക്ക തിരഞ്ഞെടുത്ത ​ഗോളി. 2000-ത്തിൽ ടീമിലെത്തിയ ഡുട്രുവൽ മൂന്ന് സീസൺ ടീമിലുണ്ടായിരുന്നെങ്കിലും പലപ്പോഴും മൂന്നാം ചോയ്സ് ​ഗോളിയായിരുന്നു. ആകെ 15 മത്സരങ്ങളാണ് ബാഴ്സ ജേഴ്സിയിൽ‍ കളിച്ചത്.

യുറു​ഗ്വെയുടെ മാർട്ടിൻ കക്കറസ്, യുക്രൈന്റെ ദിമിത്രോ ചി​ഗ്രിൻസ്കി, കൊളംബിയയുടെ യെറി മിന, ബെൽജിയത്തിന്റെ തോമസ് വെർമീലൻ എന്നിവരാണ് ഫ്ലോപ് ഇലവനിലെ പ്രതിരോധനിരക്കാർ. ഇതിൽ തന്നെ 2009-ൽ 25 ദശലക്ഷം യൂറോ മുടക്കായാണ് ചി​ഗ്രിൻസ്കിയെ ബാഴ്സ സ്വന്തമാക്കിയത്. എന്നാൽ ഒരു സീസൺ മാത്രമായിരുന്നു ന്യൂകാമ്പിലെ താരത്തിന്റെ ആയുസ്.

സ്പെയിന്റെ ആന്ദ്രെ ​ഗോമസ്, കാമറൂണിന്റെ അലക്സ് സോങ്, അർജന്റീനയുടെ യുവാൻ റോമൻ റിക്വൽമി എന്നിവരാണ് ഫ്ലോപ് ഇലവനില മധ്യനിരതാരങ്ങൾ. 35 ദശലക്ഷം യൂറോ മുടക്കിയെത്തിച്ച ​ഗോമസിനെ പിന്നീട് ലാ ലി​ഗ സീസണിലെ തന്നെ ഏറ്റവും മോശം സൈനിങ് എന്നാണ് ആരാധകർ വിശേഷിപ്പിച്ചത്. 2002 മുതൽ മൂന്ന് വർഷം ടീമിനൊപ്പമുണ്ടായിരുന്നു റിക്വൽമി. ലോകഫുട്ബോളിലെ മികച്ച താരങ്ങളിലൊരാളായി വാഴത്തുമ്പോഴും ബാഴ്സയിൽ തികഞ്ഞ പരാജയമായിരുന്നു റിക്വൽമി. പരിശീലകൻ ലൂയി വാൻ ​ഗാലുമായുള്ള മോശം ബന്ധമാണ് റിക്വൽമിക്ക് തിരിച്ചടിയായത്.

പോർച്ചു​ഗലിന്റെ റിക്കോർഡോ ഖ്വരേസ്മ, ബ്രസീലിന്റെ ഫിലിപ്പ് കൂട്ടീന്യോ, സ്വീഡന്റെ സ്ലാറ്റൻ ഇബ്രാഹിമോവിച്ച് എന്നിവരാണ് ഫ്ലോപ് ഇലവനിലെ മുന്നേറ്റിരക്കാർ. 2003-ൽ 19-ാം വയസിൽ ബാഴ്സയിലെത്തിയ ഖ്വരേസ്മയുടെ കരിയർ പാളിയത് പരിശീലകൻ ഫ്രാങ്ക് റൈക്കാർഡുമായുള്ള പ്രശ്നങ്ങളെത്തുടർന്നാണ്. റെക്കോർഡ് തുകയ്ക്ക് ടീമിലെത്തിച്ച കൂട്ടീന്യോയ്ക്ക് പണി കിട്ടിയത് പൊസിഷനിൽ വന്ന മാറ്റമാണ്. അറ്റാക്കിങ് മിഡ്ഫീൽഡറായ കൂട്ടീന്യോ ബാഴ്സയിൽ വിങ്ങറാകേണ്ടിവന്നു. ഇത് പ്രകടനത്തെ ബാധിച്ച കൂട്ടീന്യോ ഇപ്പോൾ ബയേണിലാണ്.

ടീമിലുണ്ടായിരുന്ന ഒരേയൊരു സീസണിൽ മികച്ച പ്രകടനം നടത്തിയിട്ടും ഇബ്രയേയും ഫ്ലോപ് ഇലവനിലാണ് ഉൾപ്പെടുത്തിയത്. സൂപ്പർ പരിശീലകൻ പെപ് ​ഗ്വാർഡിയോളയുമായുള്ള പ്രശ്നങ്ങളാണ് ഇബ്രയും ടീമുമായി ഇടയാൻ കാരണം. ഇതോടെ ഒരു സീസണിന് ശേഷം ലോണിൽ എ.സി.മിലാനിലേക്ക് പോയ താരം പിന്നീട് തിരിച്ചെത്തിയിട്ടില്ല.