SHARE

മൊഹാലിയിൽ ശ്രീലങ്കയുമായി നടക്കുന്ന രണ്ടാം ഏകദിന മത്സരത്തിന് മുൻപ് ഇന്ത്യൻ ക്യാമ്പിൽ ശ്രദ്ധാകേന്ദ്രമായി പഞ്ചാബ് പേസ് ബൗളർ ബരീന്ദർ സ്രാൻ. ഇരുപത്തിയഞ്ചുകാരനായ ഈ ഇടം കൈയ്യൻ ഫാസ്റ്റ് ബോളർ ഏകദിന പരമ്പരയ്ക്കായുള്ള ഇന്ത്യൻ ടീമിലില്ലെങ്കിലും കോച്ച് രവി ശാസ്ത്രിയുടെ ആവശ്യപ്രകാരം നെറ്റ്സിൽ പന്തെറിയാൻ ഇന്നലെ മൊഹാലിയിൽ എത്തിയിരുന്നു. ഇന്ത്യൻ ബാറ്റ്സ്മാന്മാർക്കെതിരെ നെറ്റ്സിൽ തകർത്ത് പന്തെറിഞ്ഞ അദ്ദേഹം മഹേന്ദ്ര സിംഗ് ധോണിയേയും മനീഷ് പാണ്ടെയേയും തന്റെ സ്വിംഗ് ബോളിംഗിലൂടെ വലച്ചു കളഞ്ഞു.

നെറ്റ്സിലെ ബരീന്ദറിന്റെ പ്രകടനം കണ്ട് പരിശീലകൻ രവി ശാസ്ത്രി താരത്തെ ഏറെ അഭിനന്ദിച്ചു. തന്നെ ബുദ്ധിമുട്ടിലാക്കിയ ബോളറെ പ്രശംസിച്ച് ധോണിയും രംഗത്ത് വന്നതോടെയാണ് സംഭവം പുറം ലോകം അറിയുന്നത്.

കഴിഞ്ഞ വർഷം ഓസ്ട്രേലിയയ്ക്കെതിരെ, ഇന്ത്യയ്ക്കായി അരങ്ങേറ്റം കുറിച്ച സ്രാൻ ആറു മത്സരങ്ങളിൽ നിന്ന് ഏഴ് വിക്കറ്റുകളും വീഴ്ത്തിയിട്ടുണ്ട്. ഈ വർഷം മൂന്ന് രഞ്ജി ട്രോഫി മത്സരങ്ങൾ മാത്രം കളിച്ച ഈ പഞ്ചാബുകാരൻ വരാനിരിക്കുന്ന വിജയ് ഹസാരെ ട്രോഫിയിലും സയ്യിദ് മുഷ്താഖ് അലി ടൂർണമെന്റിലും മികച്ച പ്രകടനം കാഴ്ച വെച്ച് ഇന്ത്യൻ ടീമിൽ തിരിച്ചെത്താൻ കാത്തിരിക്കുകയാണ്. നിലവിൽ മികച്ച ബോളിംഗ് നിരയുള്ള ടീം ഇന്ത്യയിലേക്കുള്ള അദ്ദേഹത്തിന്റെ മടങ്ങി വരവ് പക്ഷേ ഏറെ ദുഷ്കരമാകാനാണ് സാധ്യത.