SHARE

ലക്ഷണമൊത്തൊരു സ്‌ട്രൈക്കറെ തേടിയുള്ള കേരള ബ്ലാസ്‌റ്റേഴ്‌സിന്റെ കാത്തിരിപ്പ് ഇത്തവണ ചെന്നുനിന്നത് ബെര്‍ത്തലോമിയോ ഒഗ്‌ബെച്ചെ എന്ന താരത്തിലാണ്. കഴിഞ്ഞ സീസണില്‍ നോര്‍ത്ത് ഈസ്റ്റ് യുണൈറ്റഡിനായി ഗോളടിച്ചുകൂട്ടിയ ഒഗ്‌ബെച്ചെ കോച്ച് എല്‍ക്കോ ഷട്ടോരിക്കൊപ്പം നേരെ ബ്ലാസ്റ്റേഴ്‌സിലേക്ക് വണ്ടികയറി. പ്രീസീസണിനായി യുഎഇയിലാണ് ഇപ്പോള്‍ ബ്ലാസ്‌റ്റേഴ്‌സ്. പോകുംമുമ്പ് ഒരു മാധ്യമത്തിന് നല്കിയ അഭിമുഖത്തില്‍ താരം പ്രതീക്ഷകള്‍ പങ്കുവച്ചു.

ബ്ലാസ്റ്റേഴ്‌സിന്റെ കഴിഞ്ഞസീസണിലെ പ്രകടനമൊന്നും എന്നെ അലട്ടുന്ന കാര്യമല്ല. പുതിയ സീസണില്‍ പുതിയ ടീമിനൊപ്പമാണ് ഞാന്‍. പ്രതിഭാധനരായ ഒട്ടേറെ കളിക്കാര്‍ ടീമിലുള്ളപ്പോള്‍ ഞാനെന്തിന് ഭയപ്പെടണം. പ്രാഥമിക റൗണ്ടിലെ പരമാവധി മത്സരങ്ങള്‍ ജയിച്ച് പ്ലേ ഓഫിലെത്തുകയാണ് ആദ്യ ലക്ഷ്യം. ഫൈനലും കിരീടധാരണവുമൊന്നും ഇപ്പോള്‍ ചിന്തിക്കേണ്ട വിഷയമല്ല. അതൊക്കെ പിന്നീട് ആലോചിക്കാം.

കോച്ച് ഷട്ടോരിയുടെ അറ്റാക്കിംഗ് ഫുട്‌ബോള്‍ ബ്ലാസ്‌റ്റേഴ്‌സിന് സൗഭാഗ്യം നല്കുമെന്നാണ് ഒഗ്‌ബെച്ചെ പറയുന്നത്. തന്റെ ഇഷ്ടടീമുകളെക്കുറിച്ചും താരങ്ങളെപ്പറ്റിയും താരം മനസുതുറന്നു. ബ്രസീലിയന്‍ താരം റൊണാള്‍ഡോയാണ് എന്റെ ഇഷ്ടതാരം. അദ്ദേഹത്തിന്റെ കളി നേരിട്ടുകാണാന്‍ എനിക്ക് അവസരം ലഭിച്ചിട്ടുണ്ട്. ബാഴ്‌സലോണയാണ് ഇഷ്ടപ്പെട്ട ടീം. നൈജീരിയന്‍ ടീമില്‍ ജെജെ ഒക്കോച്ചയുടെ കടുത്ത ആരാധകനാണ് ഞാന്‍. അദ്ദേഹത്തോടൊപ്പം കളിച്ചാല്‍ അതില്‍നിന്ന് നമുക്ക് ഒരുപാട് കാര്യങ്ങള്‍ പഠിക്കാനുണ്ടാകും.