SHARE

ഇന്ത്യൻ സൂപ്പർ ലീഗിലെ ഏറ്റവും മികച്ച വിദേശ താരങ്ങളിലൊരാളായ നൈജീരിയൻ സ്ട്രൈക്കർ ബാർത്തലോമ്യു ഒഗ്ബെച്ചി മുംബൈ‌ സിറ്റി എഫ് സി വിടുമെന്ന് ഉറപ്പായി. ഹൈദരാബാദ് എഫ് സിയിലാകും താരം അടുത്ത സീസണിൽ കളിക്കുക. ഇന്നലെ വൈകിട്ട് സ്പോർട്സ് കീഡയാണ് ഇക്കാര്യം റിപ്പോർട്ട് ചെയ്തത്.

2018 ൽ നോർത്ത് ഈസ്റ്റ് യുണൈറ്റഡിൽ കളിച്ചു കൊണ്ട് ഐ എസ് എല്ലിൽ അരങ്ങേറ്റം കുറിച്ച ഒഗ്ബെച്ചി 12 ഗോളുകളും 2 അസിസ്റ്റുകളും നേടിക്കൊണ്ടാണ് ഇന്ത്യയിലേക്കുള്ള തന്റെ വരവറിയിച്ചത്. തൊട്ടടുത്ത സീസണിൽ കേരളാ ബ്ലാസ്റ്റേഴ്സ് താരത്തെ സ്വന്തമാക്കി. നോർത്ത് ഈസ്റ്റ് ജേഴ്സിയിൽ പുറത്തെടുത്ത മിന്നും ഫോം കേരളത്തിന്റെ മഞ്ഞക്കുപ്പായത്തിലും ഒഗ്ബെച്ചി തുടർന്നു.

ബ്ലാസ്റ്റേഴ്സ് നിരാശാജനകമായ പ്രകടനം കാഴ്ച വെച്ച സീസണിൽ 15 ഗോളുകളും ഒരു അസിസ്റ്റുമായിരുന്നു അദ്ദേഹത്തി‌ന്റെ സമ്പാദ്യം. എന്നാൽ ഉജ്ജ്വല പ്രകടനം പുറത്തെടുത്തിട്ടും ആ സീസണ് ശേഷം ഒഗ്ബെച്ചിയെ ടീമിൽ നിലനിർത്താൻ ബ്ലാസ്റ്റേഴ്സിന് കഴിഞ്ഞില്ല. 2020-21 സീസണ് മുൻപ് ബ്ലാസ്റ്റേഴ്സിൽ നിന്ന് മുംബൈ സിറ്റിയിലേക്ക് ചേക്കേറിയ ഈ മുപ്പത്തിമൂന്നുകാരൻ ക്ലബ്ബ് ഐ എസ് എൽ കിരീടം ഉയർത്തിയപ്പോൾ 8 ഗോളുകളും‌ 3 അസിസ്റ്റുകളുമായി തിളങ്ങി‌.

ഐ എസ് എല്ലിൽ ഇതു വരെ കളിച്ച എല്ലാ സീസണുകളിലും കുറഞ്ഞത് 8 ഗോളുകൾ വീതം സ്കോർ ചെയ്ത ഒഗ്ബെച്ചിയെ ടീമിലെത്തിക്കുന്നത് വരും സീസണിൽ ഹൈദരാബാദ് മുന്നേറ്റത്തിന്റെ കരുത്ത് വർധിപ്പിക്കുമെന്നതിൽ യാതൊരു സംശയമില്ല. താരത്തെ സ്വന്തമാക്കിക്കൊണ്ടുള്ള ഹൈദരാബാദിന്റെ ഔദ്യോഗിക പ്രഖ്യാപനം ഈ മാസമാദ്യം തന്നെയുണ്ടാകുമെന്നാണ് കരുതപ്പെടുന്നത്.