SHARE

കരിയറില്‍ ബാസ്റ്റിന്‍ ഷൈ്വന്‍സ്റ്റീഗര്‍ എന്ന ജര്‍മന്‍ മിഡ്ഫീല്‍ഡര്‍ കൈവരിക്കാത്ത നേട്ടങ്ങള്‍ കുറവാണ്. രാജ്യത്തിനായാലും ക്ലബിനായാലും. തിളങ്ങിനിന്ന കാലത്ത് തന്നെ അന്താരാഷ്ട്ര ഫുട്‌ബോളില്‍ നിന്ന് വിരമിച്ച ഷൈന്‍സ്റ്റീഗര്‍, യു.എസ് ക്ലബായ ചിക്കാഗ ഫയറുമായുള്ള കരാര്‍ പൂര്‍ത്തിയാക്കി നില്‍ക്കുകയാണ്. അപ്പോഴാണ്  അമ്പരപ്പിക്കുന്ന വാഗ്ദാനങ്ങളുമായി ജര്‍മന്‍ ക്ലബ് എത്തിയിരിക്കുന്നത്.

ജര്‍മനിയിലെ ലോവര്‍ ഡിവിഷനില്‍ കളിക്കുന്ന എസ്.ജി ബുന ഹാലെ എന്ന ടീമാണ് ഷൈന്‍സ്റ്റീഗറെ ടീമിലേക്ക് സ്വാഗതം ചെയ്തിരിക്കുന്നത്. ഫെയ്‌സ്ബുക്കില്‍ ഷൈൻസ്റ്റീഗര്‍ക്ക് സ്വാഗതമോതി തുറന്ന കത്താണ് ടീം ഇട്ടിരിക്കുന്നത്. ഇതില്‍ മോഹിപ്പിക്കുന്ന വാഗ്ദാനങ്ങളാണ് ടീം മുന്നോട്ട് വയ്ക്കുന്നത്. പട്ടണത്തിന്റെ നടുവില്‍ സ്വന്തമായി സ്ഥലം, ഭാര്യയും ടെന്നീസ് താരവുമായ അനാ ഇവാനോവിച്ചിന്, ടെന്നീസ് പരിശീലനത്തിനായി കോര്‍ട്ട്, ഇരുവര്‍ക്കും ജനിക്കാനിരിക്കുന്ന കുഞ്ഞിനെ പരിപാലിക്കാന്‍ കിന്റര്‍ ഗാര്‍ഡന്‍ ടീച്ചര്‍, ഓരോ മത്സരശേഷവും 20 വ്യത്യസ്ത തരം ബിയറുകള്‍ എന്നിവയെല്ലാമാണ് വാഗ്ദാനമായി നല്‍കിയിരിക്കുന്നത്.

ടീമിന്റെ സ്‌റ്റേഡിയത്തിന് ഷൈന്‍സ്റ്റീഗറുടെ പേര് നല്‍കാമെന്നും അവര്‍ വാഗ്ദാനം ചെയ്തിട്ടുണ്ട്. ഷൈന്‍സ്റ്റീഗറുടെ ഫോണ്‍വിളിക്കായി കാത്തിരിക്കുകയാണെന്നും, ടീമംഗങ്ങള്‍ എല്ലാവരും അദ്ദേഹത്തിന്റെ കടുത്ത ആരാധകരാണെന്നും കത്തില്‍ പറയുന്നു.

ബയേണ്‍ മ്യൂണിക്കില്‍ 14 വര്‍ഷം കളിച്ച ഷൈന്‍സ്റ്റീഗര്‍, ടീമിനൊപ്പം ചാമ്പ്യന്‍സ് ലീഗ്, എട്ട് ബുന്ദസ് ലീഗ എന്നീ കിരീടങ്ങള്‍ നേടി. പിന്നീട് മാഞ്ചസ്റ്റര്‍ യുണൈറ്റഡിലും കളിച്ചിട്ടുണ്ട്. ജര്‍മന്‍ ദേശീയ ടീമിനൊപ്പം 2014 ലോകകപ്പ് വിജയത്തിലും അദ്ദേഹം നിര്‍ണായക പങ്ക് വഹിച്ചു.