SHARE

ശ്രീലങ്കയ്ക്കെതിരായ മൂന്നാം ക്രിക്കറ്റ് ടെസ്റ്റിൽ ഇന്ത്യ പിടിമുറുക്കുന്നു. 410 റൺസ് വിജയലക്ഷ്യവുമായി രണ്ടാം ഇന്നിംഗ്സ് ബാറ്റിംഗിനിറങ്ങിയ സന്ദർശകർക്ക് സ്കോർ ബോർഡിൽ 31 റൺസ് കൂട്ടിച്ചേർക്കുന്നതിനിടെ മൂന്ന് വിക്കറ്റുകൾ നഷ്ടപ്പെട്ട് കഴിഞ്ഞു.

അഞ്ച് ഓവറുകളിൽ അഞ്ച് റൺസ് മാത്രം വഴങ്ങി രണ്ട് വിക്കറ്റുകൾ വീഴ്ത്തിയ ഇടംകൈയ്യൻ സ്പിന്നർ രവീന്ദ്ര ജഡേജയാണ് ഇന്നിംഗ്സിന്റെ തുടക്കത്തിൽ തന്നെ ലങ്കയെ ബാറ്റിംഗ് തകർച്ചയിലേക്ക് തള്ളിയിട്ടത്. നേരത്തെ രണ്ടാം ഇന്നിംഗ്സിൽ അതിവേഗം ബാറ്റ് ചെയ്ത ടീം ഇന്ത്യ 246-5 എന്ന സ്കോറിൽ തങ്ങളുടെ ഇന്നിംഗ്സ് ഡിക്ലയർ ചെയ്യുകയായിരുന്നു. മറുപടി ബാറ്റിംഗിനിറങ്ങിയ ലങ്കയ്ക്ക് 14 റൺസെത്തിയപ്പോളേക്കും 5 റൺസെടുത്ത അവരുടെ ഓപ്പണിംഗ് ബാറ്റ്സ്മാൻ സദീര സമരവിക്രമയെ നഷ്ടമായി. മൊഹമ്മദ് ഷാമിക്കായിരുന്നു വിക്കറ്റ്. തുടർന്ന് സ്കോർ ബോർഡിൽ 31 റൺസുള്ളപ്പോൾ ദിമുത് കരുണ രത്നയേയും നൈറ്റ് വാച്ച്മാനായി ഇറങ്ങിയ സുരംഗ ലക്മലിനെയും പുറത്താക്കിയ രവീന്ദ്ര ജഡേജ ഇന്ത്യക്ക് മത്സരത്തിൽ മുൻ തൂക്കം നൽകുകയായിരുന്നു.

നാലാം ദിനം കളി നിർത്തുമ്പോൾ 31-3 എന്ന നിലയിലാണ് സന്ദർശക ടീം 13 റൺസുമായി ധനഞ്ജയ ഡിസിൽ വയും റണ്ണൊന്നുമെടുക്കാതെ ഏഞ്ചലോ മാത്യൂസുമാണ് ക്രീസിൽ. ടെസ്റ്റിന്റെ അവസാന ദിവസമായ നാളെ ഇന്ത്യൻ വിജയത്തിലേക്കുള്ള ദൂരം 7 വിക്കറ്റുകളാണ്. ശ്രീലങ്കയ്ക്ക് ജയിക്കാനായി വേണ്ടത് 379 റണ്ണുകളും