SHARE

പന്ത്രണ്ടാം എഡിഷൻ ഇന്ത്യൻ പ്രീമിയർ ലീഗ് ആരംഭിക്കാൻ ഇനി കൃത്യം ഒരാഴ്ച കൂടി. ഈ മാസം 23-ം തീയതി നടക്കുന്ന ചെന്നൈ‌സൂപ്പർ കിംഗ്സ് – റോയൽ ചലഞ്ചേഴ്സ് ബാംഗ്ലൂർ പോരാട്ടത്തോടെയാണ് പുതിയ സീസണിന് തുടക്കമാവുക. ഐപിഎൽ അതിന്റെ പന്ത്രണ്ടാംഎഡിഷനിലേക്ക് എത്തുമ്പോൾ ടൂർണമെന്റിലെ ഒരു തകർപ്പൻ നാഴികക്കല്ലിനരികെയാണ് സൂപ്പർ താരങ്ങളായ മഹേന്ദ്ര സിംഗ് ധോണി, രോഹിത് ശർമ്മ, സുരേഷ് റെയ്ന എന്നിവർ.

ഐപിഎല്ലിൽ 200 സിക്സറുകൾ അടിക്കുന്ന ആദ്യ ഇന്ത്യൻ താരമെന്ന നേട്ടത്തിനരികെയാണ് ധോണിയും, റെയ്നയും, രോഹിതും. ഇവരിൽ ആരാകും ആദ്യം ഈ നേട്ടത്തിലെത്തുക എന്നറിയാൻ ആകാംക്ഷയോടെ കാത്തിരിക്കുകയാണ് ആരാധകർ. 175 മത്സരങ്ങളിൽ 186 സിക്സറുകൾ നേടിയ ചെന്നൈ സൂപ്പർ കിംഗ്സ് നായകൻ മഹേന്ദ്ര സിംഗ് ധോണിയാണ് നിലവിൽ ഏറ്റവും കൂടുതൽ ഐപിഎൽ സിക്സറുകൾ നേടിയ ഇന്ത്യൻ താരം. 176 മത്സരങ്ങളിൽ 185 സിക്സറുകളടിച്ച സുരേഷ്റെയ്നയും, 173 മത്സരങ്ങളിൽ 184 റൺസ് നേടിയ രോഹിത് ശർമ്മയും ഈ നേട്ടത്തിൽ തൊട്ടു‌പിന്നാലെയുണ്ട്.‌

അതേ സമയം ടൂർണമെന്റിലെ ഏറ്റവും കൂടുതൽ സിക്സറുകൾ നേടിയ താരം കരീബിയൻ ഇതിഹാസം ക്രിസ് ഗെയിലാണ്. 112 മത്സരങ്ങളിൽ 292 തവണയാണ് അദ്ദേഹം പന്ത് അതിർത്തി വരയ്ക്ക് മുകളിലൂടെ പറത്തിയത്. 141 മത്സരങ്ങളിൽ 186 സിക്സറുകൾ നേടിയ എബി‌ഡിവില്ലിയേഴ്സ്, ധോണിക്കൊപ്പം ഈ നേട്ടത്തിൽ രണ്ടാമതുണ്ട്.