SHARE

ഇന്ത്യയ്‌ക്കെതിരായ മൂന്നാം ടെസ്റ്റിനുള്ള ദക്ഷിണാഫ്രിക്കന്‍ ടീമില്‍ നിന്ന് ബാറ്റ്‌സ്മാന്‍ തെംബ ബവുമ പുറത്ത്. മോതിര വിരലിനേറ്റ പരിക്ക് ഭേദമാവാത്തതാണ് കാരണം. മൂന്നാം ടെസ്റ്റിലൂടെ തിരിച്ചു വരാമെന്നുള്ള ബവുമയുടെ പ്രതീക്ഷയാണ് ഇതോടെ അസ്തമിച്ചത്. ആദ്യ രണ്ട് ടെസ്റ്റുകളില്‍ അന്തിമ ഇലവനില്‍ ഇടം നേടാന്‍ താരത്തിന് കഴിഞ്ഞിരുന്നില്ല.

ഇന്ത്യ-ദക്ഷിണാഫ്രിക്ക പരന്പരയിലെ അവസാന ടെസ്റ്റ് ബുധനാഴ്ച ജോഹന്നസ്ബര്‍ഡിലെ വാന്‍ഡറേഴ്‌സില്‍ നടക്കും. പരമ്പരയില്‍ 2-0ന് മുന്നിലാണ് ദക്ഷിണാഫ്രിക്ക. അതേസമയം മൂന്നാ ടെസ്റ്റിലും പച്ചപ്പ് നിറഞ്ഞ പിച്ചാണ് ആതിഥേയര്‍ ഒരുക്കിയിരിക്കുന്നതെന്നാണ് സൂചന. പൊതുവേ വേഗമേറിയതാണ് വാന്‍ഡറേഴ്‌സിലെ പിച്ച്. മുന്‍വര്‍ഷങ്ങളില്‍ നിന്നു വ്യത്യസ്തമായി കൂടുതല്‍ വേഗവും ബൗണ്‍സും ലഭിച്ചേക്കുന്ന പിച്ചാകുമെന്നാണ് മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നത്.

അതേസമയം, ഇന്ത്യന്‍ ടീമില്‍ അജിങ്ക്യ രഹാനെ മടങ്ങിയെത്തിയേക്കുമെന്ന് സൂചനകളുണ്ട്. അങ്ങനെ വന്നാല്‍ രോഹിത് ശര്‍മയ്ക്ക് സ്ഥാനം നഷ്ടമായേക്കും. വൃദ്ധിമാന്‍ സാഹയ്ക്ക് പകരം ടീമിലെത്തിയ പാര്‍ഥിവ് പട്ടേലിനും സ്ഥാനം നഷ്ടമാകും. പകരം ദിനേഷ് കാര്‍ത്തിക് അവസാന ഇലവനിലെത്തും.