SHARE

യൂറോപ്യൻ ഫുട്ബോളിലൊരു വമ്പൻ മാറ്റക്കച്ചവടത്തിന് സാധ്യത തെളിയുന്നു. ജർമൻ ക്ലബ് ബയേൺ മ്യൂണിച്ചും ഇം​ഗ്ലീഷ് ക്ലബ് മാഞ്ചസ്റ്റർ സിറ്റിയുമാണ് ഓരോ താരങ്ങളെ പരസ്പരം കൈമാറാൻ ഒരുങ്ങുന്നത്. ജർമൻ പത്രം ബിൽഡാണ് ഇക്കാര്യം റിപ്പോർട്ട് ചെയ്തത്.

സിറ്റിയിൽ നിന്ന് വിങ്ങർ ലിറോയ് സാനെയെ ടീമിലെത്തിക്കാനാണ് ബയേൺ പദ്ധതിയിടുന്നത്. ഇതിനായി പകരം ബയേണിൽ നിന്ന് ഓസ്ട്രിയൻ പ്രതിരോധതാരം ഡേവിഡ് അലബയെ സിറ്റിക്ക് നൽകാനാണ് ഒരുങ്ങുന്നത്. കഴിഞ്ഞ കുറച്ചുനാളുകളായി ബയേൺ നോട്ടമിടുന്ന താരമാണ് സാനെ. ഈ സീസൺ തുടക്കത്തിൽ സാനെയ്ക്ക് പരുക്കേറ്റിരുന്നു. ഈ പരുക്കില്ലായിരുന്നെങ്കിൽ ജർമൻ താരമായ സാനെ ഇപ്പോൾ ബയേണിലുണ്ടാകുമായിരുന്നു.

പരുക്കിൽ നിന്ന് മോചിതനായി സാനെ തിരിച്ചെത്തുന്നതേയുള്ളു. ഇതോടെ സാനെയെ ടീമിലെത്തിക്കാനുള്ള നീക്കം ഒന്നുകൂടി ഊർജിതമാക്കുകയാണ് ജർമനിയിലെ സൂപ്പർ ക്ലബ്.

ലെഫ്റ്റ് ബാക്കായി കളിക്കുന്ന താരമാണ് അലബ. എന്നാൽ സെൻട്രൽ ഡിഫൻസ് അടക്കം പല പൊസിഷനുകളിലും കളിക്കാൻ കഴിയുന്ന താരം കൂടിയാണ്. പത്ത് വർഷത്തോളമായി ബയേണിനൊപ്പമുള്ള അലബ എന്നാൽ അടുത്ത സീസണിൽ ക്ലബിലുണ്ടാകില്ലെന്നാണ് സൂചന. യുവ ലെഫ്റ്റ് ബാക്ക് അൽഫോൻസോ ഡേവിഡ് നടത്തുന്ന മിന്നുന്ന പ്രകടനത്തോടെ അലബയുടെ സ്ഥാനം നഷ്ടമാകുന്ന് ഏതാണ്ടുറപ്പായി. ഈ സാഹചര്യത്തിലാണ് സാനെയ്ക്കായുള്ള മാറ്റക്കച്ചവടത്തിൽ ബയേൺ അലബയെ ഉൾപ്പെടുത്തിയത്.

അതേസമയം തന്നെ പ്രീമിയർ ലീ​ഗിലേക്ക് ചേക്കേറാൻ അലബയ്ക്ക് താൽപര്യമില്ലെന്നും വാർത്തകളുണ്ട്. ബയേൺ വിടേണ്ടി വന്നാൽ ലാ ലി​ഗയിലെ ക്ലബുകളിലേക്കായിരിക്കും അലബ കൂടുതൽ താൽപര്യം പ്രകടിപ്പിക്കുക എന്നും സൂചനയുണ്ട്.