SHARE

ഇം​ഗ്ലീഷ് ക്ലബ് ടോട്ടനം ഹോട്സ്പർസ് പുറത്താക്കിയെങ്കിലും മൗറീഷ്യോ പോച്ചെറ്റിനോ എന്ന പരിശീലകന്റെ മികവിനെക്കുറച്ച് ആർക്കും സംശയമില്ല. മാത്രവുമല്ല മികച്ച അഭിപ്രായവുമാണ് ഫുട്ബോൾ ലോകത്ത് ഈ അർജന്റൈൻ പരശീലകന്. അതിനാൽ തന്നെയാണ് ടോട്ടനത്തിൽ നിന്ന് പുറത്തായി രണ്ട് ദിവസം തികയും മുമ്പ് തന്നെ പോച്ചെറ്റിനോയെ നോട്ടമിട്ട് വൻ ക്ലബുകൾ രം​ഗത്തെത്തിയത്.

ഇം​ഗ്ലീഷ് ക്ലബായ ആഴ്സനലും ജർമൻ ക്ലബ് ബയേൺ മ്യൂണിച്ചുമാണ് പോച്ചെറ്റോയ്ക്കായി ആലോചന ശക്തമാക്കിയത്. നിലവിലെ പരിശീലകനായ യുനായ് എമ്റിയിൽ ആഴ്സനൽ ആരാധകർക്കും ക്ലബ് അധികൃതർക്കും വിശ്വാസം നഷ്ടമായിട്ടുണ്ട്. എമ്റിയെ നീക്കണമെന്ന ചർച്ചയും ഉയർന്നിട്ടുണ്ട്. വരുന്ന ലീ​ഗ് മത്സരങ്ങളിൽ മികവ് തെളിയിക്കാനായില്ലെങ്കിൽ എമ്റി പുറത്താകും എന്നത് ഏതാണ്ട് ഉറപ്പാണ്. പകരം പരി​ഗണിക്കുന്ന ആദ്യ പേര് പോച്ചെറ്റിനോയുടേതും.

നിക്കോ കോവാക്കിനെ പുറത്താക്കിയതിന് പിന്നാലെ ഇടക്കാല പരിശീലകൻ ഹാൻസ് ഫ്ലിക്കിന്റെ കീഴിലാണിപ്പോൾ ബയേൺ. പുതിയ പരിശീലകനെ ഉടൻ പ്രഖ്യാപിക്കില്ല എന്ന നിലപാടിലാണ് ബയേൺ അധികൃതർ. എന്നാൽ പോച്ചെറ്റിനോ ടോട്ടനം വിട്ടതോടെ ഇനി ബയേൺ നിലപാട് മാറ്റിയേക്കും. ട്രാൻസ്ഫർ ജാലകത്തിൽ കാര്യമായി ചിലവഴിക്കാതെ നേട്ടം കൊയ്ത പോച്ചെറ്റിയോക്ക് ആവശ്യത്തിന് പണം കിട്ടുകയും ചെയ്താൽ വലിയ മാറ്റങ്ങൾ ഉണ്ടാക്കാമെന്ന പ്രതീക്ഷയും ബയേണിനുണ്ട്.

ഇം​ഗ്ലീഷ് ക്ലബ് തന്നെയായ മാഞ്ചസ്റ്റർ യുണൈറ്റഡ്, ഫ്രഞ്ച് ക്ലബ് പി.എസ്.ജി സ്പാനിഷ് ക്ലബ് റയൽ മഡ്രിഡ് തുടങ്ങിയവരും പോച്ചെറ്റിനോയുടെ പേര് പരി​ഗണിക്കുന്നുണ്ടെന്നാണ് സൂചന. സ്പാനിഷ് ക്ലബ് തന്നെയാണ് ബാഴ്സലോണയും പോച്ചെറ്റിനോയിൽ കണ്ണെറിയുന്നതായി വാർത്തകളുണ്ട്.