SHARE

ബ്രസീലിയൻ സൂപ്പർ താരം ഫിലിപ്പ് കുട്ടീന്യോയുടെ ഭാവിയെക്കുറിച്ച് വലിയ ചർച്ചകളാണ് ഉയരുന്നത്. ബാഴ്സലോണയിൽ നിന്ന് ലോണിൽ ബയേൺ മ്യൂണിച്ചിനായി ഇപ്പോൾ കളിക്കുന്ന കുട്ടീന്യോ അടുത്ത സീസണിൽ എവിടെയായിരിക്കും എന്ന കാര്യത്തിൽ ഉറപ്പൊന്നുമില്ല. എന്നാൽ ഇതേക്കുറിച്ച് കഴിഞ്ഞ ദിവസം ബയേൺ ചില സൂചനകൾ നൽകി.

ലോണിലാണ് ഇപ്പോൾ കളിക്കുന്നതെങ്കിലും സ്ഥിരമായി താരത്തെ സ്വന്തമാക്കാനുള്ള അവസരം ബാഴ്സ ബയേണിന് നൽകിയിരുന്നു. എന്നാൽ ഈ അവസരം ബയേൺ ഉപയോ​ഗിച്ചിട്ടില്ല. 120 ദശലക്ഷം യൂറോ മുടക്കി താരത്തെ സ്വന്തമാക്കാൻ ബാഴ്സ നൽകിയ ഓഫറിന്റെ കാലവധി ഇപ്പോൾ അവസാനിച്ചെന്നാണ് ബയേൺ ചെയർമാൻ കാൾ ഹെൻസ് റുമ്മനിജ് പറയുന്നത്. ജർമൻ മാസികയായ ഡെർ സ്പെയ്​ഗിലിന് നൽകിയ അഭിമുഖത്തിലാണ് റുമ്മെനിജ് ഇക്കാര്യം വ്യക്തമാക്കിയത്.

അതേസമയം ബാഴ്സ നൽകിയ അവസരം ഉപയോ​ഗപ്പെടുത്താനായില്ലെങ്കിലും കുട്ടീന്യോയെ ബയേൺ ഒഴിവാക്കുമോ എന്ന കാര്യത്തിൽ റുമ്മനിജ് ഉറപ്പ് നൽകിയിട്ടില്ല. അടുത്ത സീസണിലേക്കുള്ള സ്ക്വാഡിനെ തീരുമാനിച്ചുകൊണ്ടിരിക്കുകയാണ് ഞങ്ങൾ, കുട്ടീന്യോയ്ക്ക് അതിൽ എന്തെങ്കിലും ചെയ്യാനുണ്ടോ എന്ന് കാത്തിരുന്ന് കാണാം എന്നാണ് റുമ്മനിജ് പറഞ്ഞത്.

താരത്തെ സ്വന്തമാക്കാൻ താൽപര്യമില്ലെങ്കിൽ നിലവിലുള്ള ലോൺ കാലവധി നീട്ടാൻ ബയേൺ ശ്രമിച്ചേക്കുമെന്നാണ് റിപ്പോർട്ടുകൾ. അതും നടന്നില്ലെങ്കിൽ താരം ബാഴ്സയിലേക്ക് മടങ്ങേണ്ടിവരും. ബാഴ്സയ്ക്ക താരത്തെ നിലനിർത്താൻ താൽപര്യമില്ലെന്നാണ് സൂചന. അങ്ങനെയങ്കിൽ മടങ്ങിയെത്തുന്ന കുട്ടീന്യോയെ കിട്ടുന്ന വിലയ്ക്ക് വിൽക്കാനാകും ബാഴ്സയുടെ നീക്കം.