SHARE

റയല്‍ മഡ്രിഡിനെതിരെ യുവേഫാ ചാമ്പ്യന്‍സ് ലീഗ് സെമിഫൈനല്‍ പോരാട്ടത്തില്‍ പരാജയപ്പെട്ടതിന്റെ നിരാശയിലാണ് ബയേണ്‍ മ്യൂണിക്ക് താരങ്ങളും ആരാധകരും. ബയേൺ ഗോള്‍ കീപ്പര്‍ സ്വെന്‍ ഉള്‍റിച്ച് ഒരിക്കലും ഓര്‍മ്മിക്കാന്‍ ആഗ്രഹിക്കാത്ത മത്സരമാണ് റയലിന്റെ തട്ടകമായ സാന്റിയാഗോ ബെര്‍ണബ്യൂവില്‍ കഴിഞ്ഞ ദിവസം നടന്നത്.

ഉള്‍റിച്ചിന് സംഭവിച്ച പിഴവ് മുതലെടുത്താണ് കരിം ബെന്‍സെമ റയലിന് വേണ്ടി തന്റെ രണ്ടാം ഗോള്‍ നേടിയത്. മത്സരം 1-1ന് സമനിലയില്‍ പാലിക്കവേയാണ് പന്ത് ബയേണ്‍ ബോക്‌സിനടുത്തത്തിയത്. ബയേണ്‍ താരം കോറെൻ്റിൻ ടോലിസോ നല്‍കിയ മൈനസ് ബോള്‍ ഉള്‍റിച്ച് പിടിക്കാന്‍ ശ്രമിക്കുകയായിരുന്നു. പിന്നീടാണ് താരത്തിന് മനസ്സിലായത്, അത് മൈനസ് ബോളാണെന്ന്. എന്നാല്‍ സമയം വൈകിയിരുന്നു. കാല്‍ കൊണ്ട് പന്ത് തട്ടിക്കളയാന്‍ ശ്രമിച്ചെങ്കിലും ബയേണ്‍ കാവല്‍ക്കാരന് അതിന് സാധിച്ചില്ല. പന്തു കൈക്കലാക്കിയ ബെന്‍സെമ അനായാസം ഗോള്‍ നേടുകയും ചെയ്തു.

മത്സരത്തിന് ശേഷം ഏറെ നിരാശനായി കാണപ്പെട്ട സ്വെന്‍ ഉള്‍റിച്ച് ആരാധകരോട് മാപ്പ് പറഞ്ഞ് രംഗത്ത് വരികയും ചെയ്തു. ‘ ചാമ്പ്യന്‍സ് ലീഗില്‍ നിന്ന് പുറത്തായത് വളരെയധികം നിരാശപ്പെടുത്തുന്നു. ഫൈനലിലെത്തണമെന്ന് അതിയായി ആഗ്രഹിച്ചിരുന്നു, നന്നായി കളിച്ച് വരികയായിരുന്നു, അപ്പോഴാണ് ആ പിഴവ് സംഭവിച്ചത്, ഒരു വിശദീകരണവും നല്‍കാനില്ല, ആരാധകരോടും ടീമംഗങ്ങളോടും മാപ്പ് ചോദിക്കുന്നു’ – ഉള്‍റിച്ച് ഇന്‍സ്റ്റഗ്രാമില്‍ കുറിച്ചു. രണ്ടാം പാദമത്സരം 2-2ന് സമനിലയില്‍ അവസാനിച്ചെങ്കിലും ഇരുപാദങ്ങളിലുമായുള്ള 4-3ന്റെ വിജയം റയലിനെ ഫൈനലില്‍ എത്തിക്കുകയായിരുന്നു.