SHARE

ജർമൻ കപ്പ് എയിൻട്രാച്ച് ഫ്രാങ്ക്ഫർട്ടിന്. ഒന്നിനെതിരെ മൂന്ന് ​ഗോളുകൾക്ക് ബയേൺ മ്യൂണിക്കിന് തകർത്താണ് ഫ്രാങ്കഫർട്ട് കിരീടം സ്വന്തമാക്കിയത്. ബെർലിനിലായിരുന്നു മത്സരം നടന്നത്. സ്ഥാനമൊഴിയുന്ന ബയേൺ പരിശീലകൻ ജപ്പ് ഹെയിൻകസും ഭാവി പരിശീലകൻ നിക്കോ കോവാക്കും തമ്മിലുള്ള മത്സരമെന്ന നിലയിലാണ് ജർമൻ കപ്പ് ഫൈനൽ ശ്രദ്ധേയമായത്.

വരുന്ന സീസണിൽ ബയേണിന്റെ പരിശീലകനാണ് ഫ്രാങ്ക്ഫർട്ടിനെ കിരീടത്തിലേക്ക് നയിച്ച കോവാക്ക്. മത്സരത്തിന്റെ 11-ാം മിനിറ്റിൽ ആന്റി റെബിക്ക് ഫ്രാങ്ക്ഫർട്ടിന് ലീഡ് നൽകി. എന്നാൽ 53-ാം മിനിറ്റിൽ പോളിഷ് താരം റോബർട്ട് ലെവൻഡോസ്കിയിലൂടെ ബയേൺ സമനില പിടിച്ചു. പിന്നീട് 82-ാം മിനിറ്റിൽ റെബിക്ക് വീണ്ടും ഫ്രാങ്ക്ഫർട്ടിനെ മുന്നിലെത്തിച്ചു. ഇഞ്ച്വറി ടൈമിന്റെ ആറാം മിനിറ്റിൽ ലഭിച്ച കോർണറിൽ നിന്ന് വലകുലുക്കി മിഹത് ​ഗാസിനോവിച്ച്, ഫ്രാങ്ക്ഫർട്ടിന് ചരിത്ര വിജയം സമ്മാനിച്ചു.

1988-ന് ശേഷം ആദ്യമായാണ് ഫ്രാങ്ക്ഫർട്ട് ജർമൻ കപ്പ് നേടുന്നത്. നേരത്തെ ബുന്ദസ്‌ലി​ഗ ജേതാക്കളായ ബയേണിന് ജർമൻ കപ്പിലും കിരീടം നേടാനുള്ള അവസരമാണ് നഷ്ടമായത്. ദീർഘനാളത്തെ പരിശീലകവേഷം അഴിച്ചുവെച്ച് വിടപറയുന്ന ഹെയിൻകസിന് തോൽവിയോടെ യാത്രയയപ്പ് നൽകേണ്ട ​ഗതികേടും ബയേണിന് വന്നു