SHARE

ചാമ്പ്യൻസ് ലീഗിൽ ബാഴ്സലോണയ്ക്കെതിരെ കളിക്കാനിറങ്ങുമ്പോൾ ബയേൺ മ്യൂണിക്കിന്റെ കടുത്ത ആരാധകർ പോലും ഇങ്ങനെയൊരു വിജയം സ്വപ്നം കണ്ടു കാണില്ല. സ്പാനിഷ് വമ്പന്മാരെ രണ്ടിനെതിരെ എട്ടു ഗോളുകൾക്ക് തകർത്ത് ചാമ്പ്യൻസ് ലീഗിന്റെ സെമിയിലേക്ക് മുന്നേറുമ്പോൾ ബയേൺ മ്യൂണിക്കിനും, അവരുടെ ആരാധകർക്കും, ഫുട്ബോൾ പ്രേമികൾക്കുമെല്ലാം അദ്ഭുതം മാത്രം. മത്സരത്തിന്റെ ആദ്യ കുറച്ച് മിനുറ്റുകളിൽ മാത്രം,പറയാനെങ്കിലും കളത്തിലുണ്ടായിരുന്ന ബാഴ്സലോണയെ ബയേൺ തകർത്തത് 8-2 ന്.

തോമസ് മുള്ളറും, ഫിലിപ്പ് കുട്ടീഞ്ഞോയും ഇരട്ട ഗോളുകളോടെ തിളങ്ങിയ മത്സരത്തിൽ ബയേണിന്റെ ശേഷിക്കുന്ന ഗോളുകൾ നേടിയത് പെരിസിച്ച്, ഗ്നാബ്രി, കിമ്മിച്ച്, ലെവൻഡോസ്കി എന്നിവർ. ഡേവിഡ് അലാബയുടെ സെൽഫ് ഗോളും, ലൂയി സുവാരസിന്റെ ഗോളുമാണ് മത്സരത്തിൽ ബാഴ്സയുടെ ഏക ആശ്വാസം. കളിയുടെ തുടക്കം മുതൽ ആധിപത്യം പിടിച്ചെടുത്ത ബയേൺ ആദ്യ പകുതിയിൽ 4-1 ന് മുന്നിട്ട് നിന്നു. മത്സരത്തിന്റെ അവസാന 10 മിനുറ്റുകളിൽ 3 ഗോളുകളടിച്ച് കൂട്ടിയ ബയേൺ, കറ്റാലൻ ക്ലബ്ബിനെ അവരുടെ ഏറ്റവും വലിയ നാണക്കേടുകളിലേക്കൊന്നിലേക്ക് തള്ളി വിട്ടു.

-Advertisement-

ബാഴ്സലോണ ലോണിന് കളിക്കാൻ ബയേണിലേക്ക് അയച്ച കുട്ടീഞ്ഞോ എഴുപത്തിയഞ്ചാം മിനുറ്റിൽ പകരക്കാരനായി കളത്തിലിറങ്ങി നേടിയത് രണ്ട് ഗോളുകളും ഒരു അസിസ്റ്റും. മൊത്തത്തിൽ ബാഴ്സലോണ അടുത്ത കുറച്ച് വർഷങ്ങളിലേക്ക് മറക്കില്ല ഈ മത്സരം.