ആര്യൻ റോബനും ഫ്രാങ്ക് റിബറിയും ഒന്നിച്ച് ക്ലബ് വിടുന്നതോട ബയേൺ മ്യൂണിച്ച് പ്രതിസന്ധിയിലേക്ക് കടക്കുകയാണ്. ഇരുവർക്കും ഒത്ത പകരക്കാരനെ കണ്ടെത്തുക എന്ന ശ്രമകരമായ ജോലിയാണ് ഇനി ക്ലബിനെ കാത്തിരിക്കുന്നത്.
ട്രാൻസ്ഫർ ജാലകത്തിൽ ആവശ്യത്തിന് സമയം ലഭിക്കുമെങ്കിൽ കൂടിയും ഇപ്പോൾ തന്നെ ബയേൺ സൂപ്പർ താരങ്ങൾക്ക് പകരക്കാരനെ നോട്ടമിട്ടുകഴിഞ്ഞു. മാഞ്ചസ്റ്റർ സിറ്റിയുടെ സൂപ്പർ താരം ലിറോയ് സാനെയെയാണ് ബയേൺ നോട്ടമിട്ടിരിക്കുന്നതെന്നാണ് റിപ്പോർട്ടുകൾ. കഴിഞ്ഞ രണ്ട് സീസണുകളിലും മാഞ്ചസ്റ്റർ സിറ്റിയെ കിരീടത്തിലേക്ക് നയിച്ചതിൽ പ്രധാന പങ്കുണ്ട് സാനെയ്ക്ക്. 23 കാരനായ സാനെയ്ക്ക് ക്ലബുമായി 2021 വരെ കരാറുണ്ട്. എന്നാൽ പോലും താരത്തെ കൈമാറാൻ സിറ്റി ഒരുക്കമാണെന്നും വാർത്തകളുണ്ട്.
ചെറുപ്രായത്തിൽ തന്നെ ഫസ്റ്റ് ടീമിൽ നല്ല അനുഭവസമ്പത്ത് ഉണ്ടെന്നത് തന്നെയാണ് സാനെയിൽ ബയേണിന് താൽപര്യം വർദ്ധിക്കാൻ കാരണം. റിബറിക്കോ റോബനോ പകരക്കാരനായി ആദ്യ ഇലവനിൽ തന്നെ ഇറക്കാനും ദീർഘകാലത്തേക്ക് ടീമിലേക്ക് മുതൽക്കൂട്ടായി നിലനിർത്താനുമാണ് ബയേൺ പദ്ധതിയിടുന്നത്.