SHARE

ഒരേയൊരു ക്ലബിന്റെ താരമായി കരിയർ പൂർത്തിയാക്കാനുള്ള സാധ്യതകൾ വർദ്ധിപ്പിച്ച് ജർമൻ സൂപ്പർതാരം തോമസ് മുള്ളർ. സൂപ്പർ ക്ലബായ ബയേൺ മ്യൂണിച്ചിനൊപ്പം പുതിയ കരാർ പുതുക്കിയതോടെയാണിത്. മൂന്ന് വർഷത്തേക്ക് കൂടിയുള്ള പുതിയ കരാറിലാണ് മുള്ളർ ഒപ്പുവച്ചിരിക്കുന്നത്.

2000-ത്തിൽ ബയേൺ അക്കാദമിയലൂടെ തുടങ്ങിയതാണ് മുള്ളറിന്റെ കരിയർ. എട്ട് വർഷങ്ങൾക്ക് ശേഷം സീനിയർ ടീമിൽ ഇടം നേടി. തുടർന്നിതുവരെ 12 സീസണുകളിലായി 500-ലേറെ മത്സരങ്ങൾ ബയേൺ ജേഴ്സിയിൽ മുള്ളർ കളിച്ചു. കഴിഞ്ഞ സീസണിൽ നിക്കോ കോവാക്ക് ബയേൺ പരിശീലകനായതോടെ മുള്ളറുടെ ആദ്യ ഇലവനിലെ സ്ഥാനം പലപ്പോഴും നഷ്ടമായി. ഇതോടെ ഈ സീസൺ തുടക്കത്തിൽ തന്നെ താരം ക്ലബ് വിടാനൊരുങ്ങുകയാണെന്ന സൂചന നൽകിയിരുന്നു. എന്നാൽ പിന്നീട് കോവാക്ക് പോയി പകരം ഹാൻസി ഫ്ലിക്ക് പരിശീലകനായെത്തിയതോടെ മുള്ളറിന്റെ സ്ഥാനം വീണ്ടും സുരക്ഷിതമായി.

ഫ്ലിക്കെത്തിയതോടെ ടീമിലെ സ്ഥാനം വീണ്ടെടുത്ത മുള്ളർ ഇപ്പോൾ മിന്നും ഫോമിലാണ്. സീസണിൽ പത്ത് ​ഗോളുകൾ നേടിക്കഴിഞ്ഞു. ഇതിനുപുറമെ ബുന്ദ്സ്‌ലി​ഗ സീസണിൽ പകുതി മത്സരങ്ങൾ പൂർത്തിയാകും മുമ്പ് തന്നെ പതിനൊന്ന് ​ഗോളുകൾക്ക് വഴിയൊരുക്കിയ ആദ്യ താരമെന്ന റെക്കോർഡും ഇക്കുറി മുള്ളർ സ്വന്തമാക്കി.