SHARE

ജർമൻ സൂപ്പർക്ലബ് ബയേൺ മ്യൂണിച്ച് സ്പാനിഷ് താരം മാർക്ക് റോക്കയെ ടീമിലെത്തിക്കുന്നു. സ്പാനിഷ് ക്ലബ് എസ്പാന്യോളിൽ നിന്നാണ് ഈ 23 കാരൻ അലിയൻസ് അറീനയിലേക്ക് കൂടുമാറുന്നത്. വിവിധ യൂറോപ്യൻ മാധ്യമങ്ങൾ ഇക്കാര്യം റിപ്പോർട്ട് ചെയ്തു.

എസ്പാന്യോളിന്റെ അക്കാദമിയിൽ നിന്നുള്ള റോക്ക അവരുടെ സീനിയർ ടീമിനായി നൂറിലേറെ മത്സരങ്ങൾ കളിച്ചിട്ടുണ്ട്. ഇക്കുറി എസ്പാന്യോൾ ലാ ലി​ഗയിൽ നിന്ന് തരംതാഴ്ത്തപ്പെട്ടു. ഇതോടെയാണ് ക്ലബ് വിടാൻ റോക്ക തീരുമാനിച്ചത്. 15 ദശലക്ഷം യൂറോ എന്ന ട്രാൻസ്ഫർ തുകയ്ക്കാണ് റോക്കയുടെ ബയേണിലേക്കുള്ള വരവ്. നാല് വർഷത്തെ കരാറിലും ധാരണയായി. ഇനി കരാർ ഒപ്പിടൽ മാത്രമെ ബാക്കിയുള്ളവെന്നാണ് റിപ്പോർട്ടുകൾ.

ഇക്കുറി ക്ലബ് വിട്ട് ലിവർപൂളിലേക്ക് പോയ സ്പാനിഷ് താരം തിയാ​ഗോ അൽക്കാൻട്രയ്ക്ക് പകരമായാണ് റോക്കയെ ബയേൺ ടീമിലെത്തിക്കുന്നത്. സ്പെയിന്റെ യൂത്ത് ടീം താരമായ റോക്ക, ഭാവിയിൽ ദേശീയ ടീമിലെ സ്ഥിരം സാന്നിധ്യമാകുമെന്നാണ് കളിനീരീക്ഷകർ വിലയിരുത്തുന്നത്.