SHARE

യുവേഫ ചാമ്പ്യൻസ് ലീ​ഗിൽ ജർമൻ ക്ലബ് ബയേൺ മ്യൂണിച്ച് ജേതാക്കൾ. പോർച്ചു​ഗലിലെ ലിസ്ബനിൽ നടന്ന ആവേശകരമായ മത്സരത്തിൽ എതിരില്ലാത്ത ഒരു ​ഗോളിന് ഫ്രഞ്ച് ജേതാക്കളായ പി.എസ്.ജിയെ തോൽപ്പിച്ചാണ് ബയേൺ യൂറോപ്യൻ കിരീടം ചൂടിയത്. ഫ്രഞ്ച് താരം കിങ്സ്ലി കോമാനാണ് ബയേണിനായി വിജയ​ഗോൾ നേടിയത്.

യാതൊരു മയവുമില്ലാതെ ആക്രമിക്കുന്ന ബയേണിനെതിരെ ഉറച്ച പ്രതിരോധവുമായാണ് പി.എസ്.ജി കളിതുടങ്ങിയത്. പി.എസ്.ജിയുടെ പ്രതിരോധനിരയും മധ്യനിരയും ഒന്നിച്ചുപിന്നിലേക്കിറങ്ങിയതോടെ മുൻ മത്സരങ്ങളിലേതുപോലെ തുടക്കം മുതലെ ആധിപത്യം പുലർത്താൻ ബയേണിനായില്ല. ചില മിന്നലാക്രമണങ്ങളിലൂടെ പി.എസ്.ജി ബയേൺ ​ഗോൾമുഖത്തേക്കും ഇരച്ചുകയറിയെങ്കിലും ​ഗോളി മാനുവൽ ന്യൂയർ രക്ഷകനായി. മറുവശത്ത് റോബർട്ട് ലെവൻഡോവ്സ്കിയുടെ ഒരു ഷോട്ട് പോസ്റ്റിലിടച്ച് മടങ്ങുകയും ഒരു ഹെഡർ കെയ്ലർ നവാസ് തടുത്തിടുകയും ചെയതു. ഇതോട ആദ്യ പകുതി ​ഗോൾ ര​ഹിത സമനിലയിൽ പിരിഞ്ഞു.

രണ്ടാം പകുതി തുടങ്ങിയതോടെ ബയേൺ കുറേക്കൂടി മികച്ച നീക്കങ്ങൾ നടത്തി. അങ്ങനെയാണ് 59-ാം മിനിറ്റിൽ കോമാന്റെ ​ഗോൾ വന്നത്. പെനാൽറ്റി ബോക്സിന് പുറത്ത് നിന്ന് ജോഷ്വാ കിമ്മിച്ച് ചിപ്പ് ചെയ്ത നൽകിയ ക്രോസിൽ നിന്നിടത്തത്തുന്ന് മാറാതെ കോമാന്റെ കൃത്യതയാർന്ന ഹെഡർ. ബയേണിന് ലീഡ്.

തുടർന്ന് തിരിച്ചടിക്കാൻ പി.എസ്.ജിയും ലീഡുയർത്താൻ ബയേൺ കിണഞ്ഞുപരിശ്രമിച്ചു. ഇതിനടെ ഇരുവരും അങ്ങോട്ടുമിങ്ങോട്ടും ഫൗളുകളും. റെഫറി പലപ്പോഴും മഞ്ഞക്കാർഡുയർത്തി. ഇതിനിടെ പി.എസ്.ജിയുടെ ഒരു നീക്കത്തിനൊടുവിൽ മാർക്വിനോസ് ​ഗോളിലേക്ക് തൊടുത്ത ഷോട്ടിന് മുന്നിൽ ന്യൂയർ വന്മതിലായി.

ഒടുവിൽ ഇഞ്ച്വറി ടൈമിലും ​ഗോൾ മടക്കാനുള്ള പി.എസ്.ജി ശ്രമങ്ങൾ പരാജയപ്പെട്ടു. ഇതോടെ റെഫറി ഫൈനൽ വിസിൽ മുഴക്കിയപ്പോൾ ആറാം യൂറോപ്യൻ കിരീടം നേടിയ സന്തോഷത്തിൽ ബയേൺ താരങ്ങൾ ​ഗ്രൗണ്ടിലേക്കോടിയിറങ്ങി.