SHARE

ജർമൻ സൂപ്പർ ക്ലബ് ബയേൺ മ്യൂണിച്ചിനായി പന്ത് തട്ടിയ ഇന്ത്യൻ വംശജനെന്ന നിലയിലാണ് സർപ്രീത് സിങ് ശ്രദ്ധേയനായത്. ന്യൂസിലൻഡ് താരമായ സർപ്രീത് 2019 മുതൽ ബയേണിന്റെ ഭാ​ഗമാണ്. എന്നാൽ ഇതുവരെ ബയേൺ സീനിയർ ടീമിനായി വളരെ പരിമിതമായ അവസരമാണ് സർപ്രീതിന് ലഭിച്ചത്.

അറ്റാക്കിങ് മിഡ്ഫീൽഡറായ സർപ്രീത് ബയേണിന്റെ ബി ടീമിലെ സ്ഥിരം സാന്നിധ്യമായിരുന്നു. എന്നാൽ നിലവിൽ ബയേണിൽ നിന്ന് ജർമനിയിലെ രണ്ടാം ഡിവിഷൻ ക്ലബായ ജാൻ റെ​ഗെൻസ്ബർ​ഗിനായാണ് സർപ്രീത് കളിക്കുന്നത്. എന്നാൽ 23 വയസുകാരനായ സർപ്രീത് ഇന്ത്യൻ സൂപ്പർ ലീ​ഗിലേക്ക് ഒരു നീക്കത്തിന് പദ്ധതിയിട്ടിരുന്നു. പ്രശസ്ത ജേണലിസ്റ്റ് മാർക്കസ് മെർഹുലാവോയാണ് ഇക്കാര്യം വെളിപ്പെടുത്തിയത്.

സർപ്രീത് ഇന്ത്യയിലേക്ക് വരാൻ താൽപര്യപ്പെട്ടിരുന്നു, ചില ക്ലബുകളുമായി അന്വേഷണങ്ങൾ നടത്തുകയും ചെയ്തിരുന്നു, എന്നാൽ സർപ്രീത് പ്രതീക്ഷിച്ച പ്രതിഫലം ഏതാണ്ട് 22 കോടി രൂപയായിരുന്നു, എന്നാൽ ഇത് ഐഎസ്എൽ ക്ലബുകളുടെ ബഡ്ജറ്റിനേക്കാൾ ഉയർന്ന തുകയായിരുന്നു. ഇക്കാരണത്താലാണ് നീക്കം നടക്കാതിരുന്നത്.