SHARE

ഈ മാസം പത്തൊൻപതാം തീയതി കൊൽക്കത്തയിൽ നടക്കാനിരിക്കുന്ന പതിമൂന്നാംഎഡിഷൻ ഐപിഎല്ലിന് മുന്നോടിയായുള്ള താരലേലത്തിൽ പങ്കെടുക്കാൻ തങ്ങളുടെ സ്റ്റാർ പേസർ മുസ്താഫിസുർ റഹ്മാന് അനുമതി നൽകി ബംഗ്ലാദേശ് ക്രിക്കറ്റ് ബോർഡ്. ഐപിഎല്ലിന്റെ ഭാഗമാകുന്നത് വഴി അടുത്ത വർഷം നടക്കാനിരിക്കുന്ന ടി20 ലോകകപ്പിന് മുന്നോടിയായി മികച്ച ഫോമിലേക്കെത്താൻ മുസ്താഫിസുറിനെ സഹായിക്കുമെന്നാണ് കരുതുന്നത്. ബംഗ്ലാദേശ് ആരാധകർക്കും ഏറെ ആവേശം നൽകുന്ന വാർത്തയാണിത്‌.

2016 സീസൺ ഐപിഎല്ലിൽ സൺ റൈസേഴ്സിന്റെ താരമായിരുന്ന മുസ്താഫിസുർ, ആ വർഷം 16 മത്സരങ്ങളിൽ 17 വിക്കറ്റുകൾ നേടി ടീമിന്റെ കിരീട നേട്ടത്തിൽ നിർണായക പങ്ക് വഹിച്ചിരുന്നു. ആ വർഷം ഐപിഎല്ലിലെ എമർജിംഗ് താരത്തിനുള്ള പുരസ്കാരവും മുസ്താഫിസുറിനെ തേടിയെത്തി. 2018 സീസണിന് മുന്നോടിയായി നടന്ന ലേലത്തിൽ മുംബൈ ഇന്ത്യൻസ് താരത്തെ സ്വന്തമാക്കുകയായിരുന്നു. ആ സീസണിൽ 7 മത്സരങ്ങളിൽ നിന്ന് 7 വിക്കറ്റുകളാണ് മുംബൈയ്ക്കായി താരം വീഴ്ത്തിയത്.

അതേ സമയം മൊത്തം 6 ബംഗ്ലാദേശ് താരങ്ങളാണ് ഇക്കുറി ഐപിഎൽ ലേലത്തിലുള്ളത്. മുസ്താഫിസുർ റഹ്മാന് പുറമേ, തമീം ഇഖ്ബാൽ, മെഹിദി ഹസൻ, മഹ്മദുള്ള, ടസ്കിൻ അഹമ്മദ്, സൗമ്യ സർക്കാർ എന്നിവരാണവർ. ഈ മാസം നടക്കുന്ന ലേലത്തിൽ ഇവരിൽ നിന്ന് ഒന്നിലധികം പേരെയെങ്കിലും ഐപിഎൽ ഫ്രാഞ്ചൈസികൾ ടീമിലേക്ക് കൂട്ടുമെന്നാണ് കരുതുന്നത്‌.