SHARE

കഴിഞ്ഞ ദിവസമാണ് അടുത്ത വർഷം നടക്കാനിരിക്കുന്ന ബംഗ്ലാദേശിന്റെ ന്യൂസിലൻഡ് പര്യടനത്തിലെ മത്സര ക്രമം പുറത്ത് വന്നത്. മൂന്ന് വീതം ടെസ്റ്റുകളും ഏകദിനങ്ങളുമാണ് പരമ്പരയിൽ പ്രഖ്യാപിച്ചത്. മത്സര ക്രമം പ്രഖ്യാപിച്ചതിന് പിന്നാലെ പരമ്പരയിലെ ഒരു ടെസ്റ്റ് മത്സരം പിങ്ക് ബോൾ മത്സരമായി (ഡേ-നൈറ്റ്) നടത്താമെന്ന നിർദ്ദേശം ന്യൂസിലൻഡ് ക്രിക്കറ്റ് ബോർഡ് ബംഗ്ലാദേശ് ക്രിക്കറ്റ് ബോർഡിന് മുന്നോട്ട് വെച്ചിരുന്നു. എന്നാൽ ബംഗ്ലാദേശ് ആ ക്ഷണം നിരസിച്ചു.

ഡേ-നൈറ്റ് ടെസ്റ്റ് കളിച്ച് മുൻ പരിചയം ഇല്ലാത്തതിനാലാണ് തങ്ങൾ ന്യൂസിലൻഡിന്റെ പിങ്ക് ബോൾ മത്സരം കളിക്കാനുള്ള ക്ഷണം നിരസിച്ചതെന്ന് ബംഗ്ലാദേശ് ക്രിക്കറ്റ് ബോർഡ് ചീഫ് നിസാമുദ്ദീൻ ചൗധരി പിന്നീട് വ്യക്തമാക്കി. ബംഗ്ലാദേശിലെ അഭ്യന്തര മത്സരങ്ങളിലും ഡേ നൈറ്റ് ടെസ്റ്റ് മത്സരങ്ങൾ നടത്താൻ തങ്ങൾക്ക് കഴിഞ്ഞിട്ടില്ലെന്നും അതിനാൽ തങ്ങളുടെ താരങ്ങൾക്ക് പിങ്ക് ബോളിൽ കളിച്ച് പരിചയമില്ലെന്നും ഇക്കാരണം കൊണ്ട് തന്നെ തൽക്കാലം ഡേ നൈറ്റ് ടെസ്റ്റ് കളിക്കേണ്ടെന്ന് തീരുമാനമെടുക്കുകയായിരുന്നുവെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

-Advertisement-

അതേ സമയം അടുത്ത് തന്നെ അഭ്യന്തര മത്സരങ്ങളിൽ തങ്ങൾ ഡേ-നൈറ്റ് ടെസ്റ്റ് മത്സരങ്ങൾ സംഘടിപ്പിക്കുമെന്നും, അവിടെ പിങ്ക് ബോളിൽ കളിച്ച് താരങ്ങൾക്ക് മത്സരപരിചയമാകുന്നതതോടെ അന്താരാഷ്ട്ര മത്സരങ്ങളിലും തങ്ങൾ ഡേനൈറ്റ് ടെസ്റ്റുകളിൽ കളിക്കുമെന്നും അദ്ദേഹം പറഞ്ഞു.