SHARE

ഇന്നാണ് 2019-20 സീസണിലേക്കുള്ള ഇന്ത്യൻ താരങ്ങളുടെ വാർഷിക കരാർ പട്ടിക ബിസിസിഐ പ്രഖ്യാപിച്ചത്‌. ഗ്രേഡ് എ പ്ലസ്, ഗ്രേഡ് എ, ഗ്രേഡ് ബി, ഗ്രേഡ് സി എന്നിങ്ങനെ 4 വിഭാഗങ്ങളിലായിട്ടാണ് ബിസിസിസിഐ, താരങ്ങൾക്ക് കരാർ നൽകിയത്. മൊത്തം 27 താരങ്ങൾ ഇടം പിടിച്ച വാർഷിക കരാറിൽ സീനിയർ താരം മഹേന്ദ്ര സിംഗ് ധോണിയില്ലാത്തതാണ് ഏറ്റവും ശ്രദ്ധേയം. 2019 ഒക്ടോബർ മുതൽ 2020 സെപ്റ്റംബർ വരെയാണ് ഇന്ന് പ്രഖ്യാപിച്ച പുതിയ വാർഷിക കരാറിന്റെ കാലയളവ്.

ഗ്രേഡ് എ പ്ലസ് കരാറാണ് ബിസിസിഐ നൽകുന്ന വാർഷിക കരാറിൽ ഏറ്റവും ഉയർന്നത്. ഇതിൽ ഇടം പിടിച്ചിരിക്കുന്ന താരങ്ങൾക്ക് 7 കോടി രൂപയാണ് ഒരു വർഷം ലഭിക്കുന്നത്. ക്രിക്കറ്റിന്റെ മൂന്ന്‌ഫോർമ്മാറ്റുകളിലും ടീമിന്റെ അവിഭാജ്യ ഘടകങ്ങളായ വിരാട് കോഹ്ലി, രോഹിത് ശർമ്മ, ജസ്പ്രിത് ബുംറ എന്നിവരാണ് എ പ്ലസ് കരാറിൽ ഉൾപ്പെട്ടിരിക്കുന്നത്.

വർഷം അഞ്ച് കോടി രൂപ ലഭിക്കുന്ന എ ഗ്രേഡ് കരാറിൽ മൊത്തം 11 താരങ്ങളാണ് ഇടം പിടിച്ചിരിക്കുന്നത്. രവിചന്ദ്രൻ അശ്വിൻ, രവീന്ദ്ര ജഡേജ, ഭുവനേശ്വർ കുമാർ, ചേതേശ്വർ പുജാര, അജിങ്ക്യ രഹാനെ, കെ എൽ രാഹുൽ, ശിഖാർ ധവാൻ, മൊഹമ്മദ് ഷാമി, ഇഷാന്ത് ശർമ്മ, കുൽദീപ് യാദവ്, ഋഷഭ് പന്ത് എന്നിവരാണ് ഈ കരാറിലുള്ളത്.

വർഷം 3 കോടി രൂപ ലഭിക്കുന്ന ബി ഗ്രേഡ് കരാർ ലഭിച്ചിരിക്കുന്നത് അഞ്ച് താരങ്ങൾക്കാണ്. വൃദ്ധിമാൻ സാഹ, ഉമേഷ് യാദവ്, യുസ്വേന്ദ്ര ചഹൽ, ഹാർദിക് പാണ്ട്യ, മയങ്ക് അഗർവാൾ എന്നിവർക്കാണ് ഈ കരാർ. ഒരു വർഷം 1 കോടി രൂപ ലഭിക്കുന്ന സി ഗ്രേഡ് കരാറിൽ ഇടം പിടിച്ചിരിക്കുന്നത് 8 താരങ്ങളാണ്. കേദാർ ജാദവ്, നവ്ദീപ് സൈനി, ദീപക് ചഹർ, മനീഷ് പാണ്ടെ, ഹനുമ വിഹാരി, ഷർദുൽ താക്കൂർ, ശ്രേയസ് അയ്യർ, വാഷിംഗ്ടൺ സുന്ദർ എന്നിവരാണ് ഈ താരങ്ങൾ.