SHARE

ഓസ്ട്രേലിയൻ പര്യടനത്തിൽ ഇന്ത്യ തകർപ്പൻ പ്രകടനം കാഴ്ച വെച്ചതിന് പിന്നാലെ ദേശീയ ടീം സെലക്ഷൻ കമ്മറ്റി അംഗങ്ങൾക്ക് വമ്പൻ തുക പാരിതോഷികം പ്രഖ്യാപിച്ച് ബിസിസിഐ. അഞ്ച് പേരടങ്ങിയ സെലക്ഷൻ കമ്മറ്റിയിലെ ഓരോ അംഗത്തിനും 20 ലക്ഷം രൂപ വീതമാണ് ബിസിസിഐ പാരിതോഷികം നൽകുക.

എം എസ്‌ കെ പ്രസാദ്, ശരൺദീപ്‌സിംഗ്, ജതിൻ പ്രഞ്ജ്പെ, ഗഗൻ ഖോഡ, ദേവാംഗ് ഗാന്ധി എന്നിവരാണ് ദേശീയ ടീം സെലക്ഷൻ കമ്മറ്റിയിലുള്ളവർ. ഈ അഞ്ച് പേർക്കുമാണ് 20 ലക്ഷം രൂപ വീതം ലഭിക്കുന്നത്. സീനിയർ സെലക്ടർമാർക്ക് മാത്രമായി മൊത്തം 1 കോടി രൂപയാണ് ബിസിസിഐ പാരിതോഷികം നൽകുന്നത്.

ടി20 പരമ്പരയിൽ ഇന്ത്യയും, ഓസ്ട്രേലിയയും ഓരോ മത്സരങ്ങൾ വീതം ജയിച്ച് സമനിലയിലായപ്പോൾ ഏകദിന, ടെസ്റ്റ് പരമ്പരകളിൽ ഇന്ത്യ 2-1 ന്‌ ജയിക്കുകയായിരുന്നു. പരമ്പരയ്ക്കിടെ ഇന്ത്യൻ സെലക്ടർമാരെടുത്ത ചില തീരുമാനങ്ങൾ നിർണായകമാവുകയും, പരമ്പരയുടെ ഗതി മാറ്റിമറിക്കുകയും ചെയ്തതായി ബിസിസിഐ കണ്ടെത്തുകയായിരുന്നു.

പൃഥ്വി ഷായ്ക്ക്‌ പകരം മയങ്ക് അഗർവാളിനെ ടീമിലേക്ക് തിരഞ്ഞെടുത്തതുൾപ്പെടെയുള്ള‌ മാറ്റങ്ങളാണ് പരമ്പരയിൽ നിർണായകമായത്. ഇതിനൊപ്പം സന്തുലിതമായ ടീമിനെ പരമ്പരയ്ക്ക് തിരഞ്ഞെടുത്ത സെലക്ടർമാർ, വ്യത്യസ്ത കോമ്പിനേഷനുകളിൽ ടീമിനെ ഇറക്കാൻ ടീം മാനേജ്മെന്റിനെ സഹായിച്ചതായും ബിസിസിഐ പറയുന്നു. സെലക്ടർമാരുടെ മികച്ച തീരുമാനങ്ങൾ ഇന്ത്യയുടെ മികച്ച പ്രകടനത്തിനും കാരണമായതായി ചൂണ്ടിക്കാട്ടി‌ അവർക്ക് വമ്പൻതുക പാരിതോഷികം പ്രഖ്യാപിക്കാൻ ബിസിസിഐ തീരുമാനിക്കുകയായിരുന്നു.