SHARE

ഐ.പി.എല്ലിനിടെ ഇന്ത്യൻ താരങ്ങൾക്ക് പരുക്കേൽക്കുന്നത് തുടർകഥയാകുന്നതിനിടെ ഇക്കാര്യത്തിൽ ശ്രദ്ധ പതിപ്പിച്ച് ബി.സി.സി.ഐ. കരാറിലേർപ്പെട്ട ഇന്ത്യൻ താരങ്ങൾക്ക് പരുക്കേറ്റാൽ അതിന്റെ വിശദാംശങ്ങൾ അറിയിക്കണമെന്ന് ഐ.പി.എൽ ടീമുകളോട് ബി.സി.സി.ഐ നിർ​ദേശം നൽകിയെന്നാണ് വാർത്തകൾ. മുംബൈ മിററാണ് ഇക്കാര്യം റിപ്പോർട്ട് ചെയ്തിരിക്കുന്നത്

ബി.സി.സി.ഐയുടെ സി.ഇ.ഓയും ഐ.പി.എല്ലിന്റെ ചീഫ് ഓപ്പറേറ്റിങ് ഓഫീസറുമായ ഹേമങ് അമിനാണ് ടീമുകളോട് ഇക്കാര്യം നിർദേശിച്ച് മെയിൽ അയച്ചത്. ടീം ഇന്ത്യയുടെ ഫിസിയോ നിതിൽ പട്ടേലിനോട്, കളിക്കാരുടെ പരുക്കുമായി ബന്ധപ്പെട്ട എല്ലാ വിവരങ്ങളും അറിയിക്കണമെന്നാണ് മെയിലിൽ പറയുന്നത്.

ഏതെങ്കിലുമൊരു കളിക്കാരന്റെ പേര് ഈ മെയിലിൽ പരാമർശിച്ചിട്ടില്ല. എന്നാൽ അടുത്തിടെ ഡെൽഹി ക്യാപിറ്റൽസ് താരമായ ഇഷാന്ത് ശർമയുടെ പരുക്കിനെച്ചൊല്ലിയുള്ള പ്രശ്നങ്ങളാണ് ഇങ്ങനെയൊരു ഇടപെടലിന് ബി.സി.സി.ഐയെ പ്രേരിപ്പിച്ചതെന്നാണ് സൂചന. ഓസ്ട്രേലിയൻ പര്യടനത്തിന് സാധ്യത കൽപ്പിക്കുന്ന ഇഷാന്തിന്റെ പരുക്കിന്റെ വിവരങ്ങൾ ഡെൽഹി, കൃത്യമായി ബി.സി.സി.ഐയെ അറിയിച്ചില്ലെന്നാണ് വാർത്തകൾ. ചില റിപ്പോർട്ടുകൾ പറയുന്നത്, ഡെൽഹി പത്രക്കുറിപ്പിറക്കിയപ്പോൾ മാത്രമാണ് ഇന്ത്യൻ ടീം നേതൃത്വം ഇഷാന്തിന്റെ പരുക്കിനെക്കുറിഞ്ഞ് അറിഞ്ഞതുതന്നെയെന്നാണ്.