SHARE

2018-19 സീസണിലേക്കുള്ള ബിസിസിഐ യുടെ വാർഷിക കരാറുകൾ ഇന്നലെ പ്രഖ്യാപിച്ചു. വിരാട് കോഹ്ലി, രോഹിത് ശർമ്മ, ജസ്പ്രിത് ബുംറ എന്നീ മൂന്ന് താരങ്ങളെയാണ് ഏറ്റവും ഉയർന്ന കരാറായ എ പ്ലസ് ക്യാറ്റഗറിയിൽ ഉൾപ്പെടുത്തിയിരിക്കുന്നത്. ശിഖാർ ധവാൻ, ഭുവനേശ്വർ കുമാർ എന്നിവരെ ഗ്രേഡ് എ യിലേക്ക് തരം താഴ്ത്തിയപ്പോൾ, യുവ വിക്കറ്റ് കീപ്പർ ബാറ്റ്സ്മാൻ ഋഷഭ് പന്തിന് ഗ്രേഡ് എ കരാറിൽ സ്ഥാനം ലഭിച്ചു.

2018 ൽ ടെസ്റ്റ് മത്സരങ്ങളിൽ ഇന്ത്യയ്ക്കായി തകർപ്പൻ പ്രകടനം കാഴ്ച വെച്ച ചേതേശ്വർ പുജാര ഗ്രേഡ് എ കരാറിൽ തുടരുകയാണ്. എം എസ് ധോണി, അജിങ്ക്യ രഹാനെ, മൊഹമ്മദ് ഷാമി, രവീന്ദ്ര ജഡേജ, രവിചന്ദ്രൻ അശ്വിൻ, കുൽദീപ്‌ യാദവ് എന്നിവരാണ് പുജാരയ്ക്കൊപ്പം ഗ്രേഡ് എ ക്യാറ്റഗറിയിൽ ഉൾപ്പെട്ടിട്ടുള്ളവർ. നാല് താരങ്ങൾക്കാണ് ബി ഗ്രേഡ് കരാർ ലഭിച്ചിരിക്കുന്നത്. കെ എൽ രാഹുൽ, ഉമേഷ് യാദവ്, യുസ്വേന്ദ്ര ചഹൽ, ഹാർദിക് പാണ്ട്യ എന്നിവരാണവർ. ഏഴ് താരങ്ങൾക്കാണ് സി ഗ്രേഡ് കരാർ ലഭിച്ചിരിക്കുന്നത്. കേദാർ ജാദവ്, ദിനേഷ് കാർത്തിക്ക്, അമ്പാട്ടി റായുഡു, മനീഷ് പാണ്ടെ, ഹനുമ വിഹാരി, ഖലീൽ അഹമ്മദ്, വൃദ്ധിമാൻ സാഹ എന്നിവരാണിത്.

ബിസിഐഐ യുടെ ഏറ്റവും ഉയർന്ന കരാർ ക്യാറ്റഗറിയായ എ പ്ലസ് ഗ്രേഡിലുൾപ്പെട്ടിരിക്കുന്ന താരങ്ങൾക്ക് ഒരു വർഷം 7 കോടി രൂപ ലഭിക്കും. എ ഗ്രേഡ് താരങ്ങൾക്ക് 5 കോടി രൂപയും, ബി ഗ്രേഡ് താരങ്ങൾക്ക് 3 കോടി രൂപയും ലഭിക്കും. ഒരു കോടി രൂപയാണ് സി ഗ്രേഡിലുള്ള താരങ്ങൾക്ക് ലഭിക്കുക‌.