SHARE

ഇനി മുതൽ ഇന്ത്യൻ ക്രിക്കറ്റ് താരങ്ങളും ഉത്തേജകമരുന്ന് പരിശോധനയ്ക്ക് വിധേയരാവും. ക്രിക്കറ്റ് താരങ്ങൾക്ക് ഉത്തേജക മരുന്ന് പരിശോധന നടത്തണമെന്ന ദേശീയ കായിക മന്ത്രാലയത്തിന്റെ നിർദ്ദേശം ബിസിസിഐ അംഗീകരിച്ചതോടെ ദേശീയ ഉത്തേജക വിരുദ്ധ ഏജൻസിയായ നാഡയുടെ പരിധിയിൽ ക്രിക്കറ്റ് താരങ്ങളും ഇനി മുതലുണ്ടാകുമെന്ന് ഉറപ്പായി.

ഇന്ത്യൻ ക്രിക്കറ്റ് താരങ്ങളെ നാഡയുടെ പരിധിയിൽ കൊണ്ട് വരണമെന്ന് കഴിഞ്ഞ കുറച്ച് വർഷങ്ങളായി ആവശ്യമുയരുന്നുണ്ട്. എന്നാൽ നാഡ പരിശോധനകൾ ഫലപ്രദമല്ലെന്ന് ആരോപിച്ച് ബിസിസിഐ, ഇന്ത്യൻ ക്രിക്കറ്റ് താരങ്ങളെ ഉത്തേജക‌മരുന്ന് പരിശോധനയിൽ നിന്ന് മാറ്റി നിർത്തുകയായിരുന്നു. എന്നാൽ കഴിഞ്ഞയിടയ്ക്ക് ഇന്ത്യൻ യുവ താരം പൃഥ്വി ഷാ ഉത്തേജകമരുന്ന് പരിശോധനയിൽ പിടിക്കപ്പെട്ടത് ബിസിസിഐക്ക് തലവേദനയായി.

ഇതിന് പിന്നാലെ ക്രിക്കറ്റ് താരങ്ങളെ കർശനമായും ഉത്തേജകമരുന്ന് പരിശോധനയ്ക്ക് വിധേയരാക്കണമെന്ന് ദേശീയ കായിക മന്ത്രാലയം ബിസിസിഐയോട് ആവശ്യപ്പെട്ടു. ഇതിന് ഗത്യന്തരമില്ലാതെ ബിസിസിഐയ്ക്ക് വഴങ്ങേണ്ടി വരുകയായിരുന്നു. നാഡയ്ക്ക് കീഴിലാകുന്നതോടെ ഇനി മുതൽ നാഡയുടെ ആവശ്യാനുസരണം ഇന്ത്യൻ താരങ്ങൾക്ക് ഉത്തേജകമരുന്ന് പരിശോധനയ്ക്ക് വിധേയരാവേണ്ടി വരും.