SHARE

പത്മഭൂഷൺ പുരസ്കാരത്തിന് അർഹനായ ഇന്ത്യൻ ക്രിക്കറ്റ് താരം മഹേന്ദ്ര സിംഗ് ധോണിക്ക് ബിസിസിഐ യുടെ അഭിനന്ദനം. ക്രിക്കറ്റിന് വേണ്ടി ധോണി നൽകിയ സംഭാവനകളെ പ്രശംസിച്ച‌ ബിസിസിഐ, തന്റെ നേട്ടങ്ങൾക്കുള്ള പ്രതിഫലമാണ് ധോണിക്ക് ലഭിച്ചതെന്നും അഭിനന്ദന സന്ദേശത്തിൽ പറയുന്നു. ഭാരത് രത്നയ്ക്കും, പത്മവിഭൂഷണിനും ശേഷം രാജ്യത്തെ ഏറ്റവും വലിയ സിവിലിയൻ ബഹുമതിയായ പത്മഭൂഷൺ പുരസ്കാരം നേടുന്ന പതിനൊന്നാമത്തെ ക്രിക്കറ്റ് താരമാണ് മഹേന്ദ്ര സിംഗ് ധോണി.

ഐസിസിയുടെ മൂന്ന് ട്രോഫികളും നേടിയിട്ടുള്ള ഏക ക്യാപ്റ്റനായ ധോണി, ടീം ഇന്ത്യയെ രണ്ട് ലോകകിരീടങ്ങളിലേക്കും നയിച്ചു. ക്രിക്കറ്റ് താരം എന്ന നിലയിൽ ധോണി നൽകിയ സംഭാവനകളെ പരിഗണിച്ച്, ബിസിസിഐയാണ് ധോണിയുടെ പേര് പത്മഭൂഷൺ പുരസ്കാരത്തിനായി നിർദേശിച്ചത്.

സച്ചിൻ ടെണ്ടുൽക്കർ, രാഹുൽ ദ്രാവിഡ്, കപിൽദേവ്, സുനിൽ ഗവസ്ക്കർ, ചന്ദു ബോർഡെ, സി.കെ.നായിഡു, പ്രൊഫ.ഡിബി ഡിയോദാർ, രാജാ ബലീന്ദ്ര സിംഗ്, ലാലാ അമർനാഥ്, വിജയ ആനന്ദ് തുടങ്ങിയവരാണ് ധോണിക്ക് മുൻപ് പത്മഭൂഷൺ അവാർഡ് സ്വന്തമാക്കിയിട്ടുള്ള താരങ്ങൾ.