SHARE

കഴിഞ്ഞ ദിവസമാണ് ബിസിസിഐ, താരങ്ങളുമായുള്ള വാർഷിക കരാർ പട്ടിക പുറത്ത് വിട്ടത്. വിരാട് കോഹ്ലി, രോഹിത് ശർമ്മ, ജസ്പ്രിത് ബുംറ എന്നീ മൂന്ന് താരങ്ങളായിരുന്നു ഏറ്റവും ഉയർന്ന കരാറായ എ പ്ലസ് ക്യാറ്റഗറി കരാറിൽ ഉൾപ്പെട്ടത്‌. സീനിയർ താരങ്ങളായ ഭുവനേശ്വർ കുമാറും, ശിഖാർ ധവാനും എ പ്ലസ് ക്യാറ്റഗറിയിൽ നിന്ന് തരം താഴ്ത്തപ്പെട്ടത് ആരാധകരെ ഞെട്ടിച്ചിരുന്നു. ഇതിനൊപ്പം ക്രിക്കറ്റ് പ്രേമികളെ അത്ഭുതപ്പെടുത്തിയത് യുവ താരങ്ങളായ പൃഥ്വി ഷായ്ക്കും, മയങ്ക് അഗർവാളിനും കരാർ ലിസ്റ്റിൽ ഇടംപിടിക്കാൻ കഴിയാതിരുന്നതാണ്.

പൃഥ്വി ഷാ, മയങ്ക് അഗർവാൾ എന്നിവർക്കൊപ്പം ഓൾറൗണ്ടർ വിജയ് ശങ്കറിനും ബിസിസിഐ യുടെ വാർഷിക കരാറിൽ ഇടം ലഭിച്ചില്ല. ഇന്ത്യയ്ക്ക് വേണ്ടി കുറഞ്ഞത് മൂന്ന് ടെസ്റ്റുകളോ അല്ലെങ്കിൽ 6 ഏകദിനങ്ങളോ കളിച്ചവർക്ക് മാത്രമേ ബിസിസിഐ കരാറിൽ ഇടം ലഭിക്കൂ‌. ഈ മൂന്ന് താരങ്ങളും ഇത്രയും മത്സരം കളിച്ചിട്ടില്ലാത്തത് കൊണ്ട് വാർഷിക കരാറിലേക്കും ഇവരെ പരിഗണിച്ചില്ല‌.

പൃഥ്വി ഷായും, മയങ്ക് അഗർവാളും ഇന്ത്യയ്ക്ക് വേണ്ടി രണ്ട് വീതം ടെസ്റ്റുകളിലാണ് കളിച്ചിട്ടുള്ളത്. വിജയ് ശങ്കറാകട്ടെ 6 ഏകദിന മത്സരങ്ങളിൽ ദേശീയ ടീം ജേഴ്സിയണിഞ്ഞു. ഒരു ടെസ്റ്റ് കൂടി കളിച്ച് കഴിയുമ്പോൾ ഷായ്ക്കും, അഗർവാളിനും ബിസിസിഐ യുടെ സി ക്യാറ്റഗറി കരാർ ലഭിക്കും. വിജയ് ശങ്കറിനാകട്ടെ രണ്ട് ഏകദിനങ്ങളുടെ അകലമാണ് കരാറിലേക്കുള്ളത്.