ശ്രീലങ്കയിൽ പ്രഖ്യാപിച്ചിരിക്കുന്ന അടിയന്തരാവസ്ഥ ഇന്ന് തുടങ്ങാനിരിക്കുന്ന നിദാഹാസ് ട്രോഫിയെ ബാധിക്കില്ലെന്നും പരമ്പര നേരത്തെ നിശ്ചയിച്ച പ്രകാരം നടക്കുമെന്നും ബിസിസിഐ. ഇതോടെ പരമ്പര മുടങ്ങിയേക്കുമെന്ന അഭ്യൂഹങ്ങൾക്ക് അവസാനമായി.
വർഗീയ സംഘർഷം രൂക്ഷമായതിനെത്തുടർന്നാണ് ശ്രീലങ്കയിൽ 10 ദിവസത്തെ അടിയന്താരാവസ്ഥ പ്രഖ്യാപിച്ചത്. മുസ്ലീം – ബുദ്ധ മത വിഭാഗങ്ങൾ തമ്മിലുള്ള സംഘർഷമാണ് അടിയന്താരാവസ്ഥയ്ക്ക് കാരണം.
“പ്രശ്നങ്ങൾ നടക്കുന്നത് കാൻഡിയിലാണ്. മത്സരം നടക്കുന്ന കൊളംബോയിലെ സ്ഥിതിഗതികൾ വളരെ ശാന്തവും. ഇവിടെ യാതൊരു വിധ പ്രശ്നങ്ങളുമില്ല, താരങ്ങളെല്ലാം വളരെ സുരക്ഷിതരും, അത് കൊണ്ടു തന്നെ മത്സരം ഉപേക്ഷിക്കേണ്ട കാര്യമില്ല. ആദ്യ മത്സരവും അത് പോലെ പരമ്പരയും മുൻ നിശ്ചയപ്രകാരം തന്നെ നടക്കും.” ബിസിസിഐ മീഡിയാ മാനേജർ മാധ്യമങ്ങളോട് പറഞ്ഞു.
ഇന്ന് മുതൽ 18-ം തീയതി വരെയാണ് നിദാഹാസ് ട്രോഫി ത്രിരാഷ്ട്ര ടി20 പരമ്പര നടക്കുന്നത്. ശ്രീലങ്കൻ സ്വാതന്ത്ര്യത്തിന്റെ എഴുപതാം വാർഷിക ആഘോഷങ്ങളുടെ ഭാഗമായി നടത്തപ്പെടുന്ന നിദാഹാസ് ട്രോഫിയിൽ ഇന്ത്യയ്ക്കും ലങ്കയ്ക്കും പുറമേ ബംഗ്ലാദേശാണ് മത്സരിക്കുക.