SHARE

ടെസ്റ്റ് ക്രിക്കറ്റിൻ്റെ പുതിയ മുഖമായ ഡേ-നൈറ്റ് പിങ്ക് ബോള്‍ മത്സരങ്ങളോട് മുഖം തിരിഞ്ഞ് നില്‍ക്കുകയാണ് ഇന്ത്യന്‍ ക്രിക്കറ്റ് ബോര്‍ഡ്. ഓസ്‌ട്രേലിയയില്‍ നടക്കാനിരിക്കുന്ന പര്യടനത്തില്‍ ഡേ – നൈറ്റ് ടെസ്റ്റ് മത്സരം കളിക്കാമെന്ന ഓസീസ് നിര്‍ദ്ദേശം ഇന്ത്യന്‍ അംഗീകരിച്ചിരുന്നില്ല. ഇതിനെ തുടര്‍ന്ന് വലിയ വിമര്‍ശനങ്ങളാണ് ബി സി സി ഐയ്‌ക്കെതിരെ ഉയര്‍ന്ന് വന്നത്. ഈ സാഹചര്യത്തില്‍ ഇന്ത്യന്‍ താരം ഗൗതം ഗംഭീറും ക്രിക്കറ്റ് ബോര്‍ഡിനെതിരെ വിമര്‍ശനവുമായി രംഗത്ത് വന്നിരിക്കുകയാണ്.

ഏകദിന, ടി20 മത്സരങ്ങളെ മാര്‍ക്കറ്റ് ചെയ്തത് പോലെ ഇന്ത്യ ടെസ്റ്റ് ക്രിക്കറ്റിനെ മാര്‍ക്കറ്റ് ചെയ്തില്ലയെന്നതാണ് ഗംഭീറിന്റെ വിമര്‍ശനം. ‘ ലിമിറ്റഡ് ഓവര്‍ മത്സരങ്ങളെ ജനകീയമാക്കാനുള്ള നീക്കങ്ങള്‍ ബി സി സി ഐ വലിയ തോതില്‍ നടത്തിയിരുന്നു, എന്നാല്‍ ടെസ്റ്റ് ക്രിക്കറ്റിനെ അത്തരത്തില്‍ ജനകീയമാക്കാന്‍ ബി സി സി ഐയുടെ ഭാഗത്ത് നിന്ന് ശ്രമങ്ങളുണ്ടായില്ല, 2011ല്‍ ഈഡന്‍ ഗാര്‍ഡന്‍സില്‍ വെസ്റ്റിന്‍ഡീസിനെതിരെ നടന്ന ടെസ്റ്റ് മത്സരം ഓര്‍മ്മ വരുന്നു, അന്ന് ആദ്യ ദിനം ഇന്ത്യ ബാറ്റ് ചെയ്യുമ്പോള്‍ കളി കാണാനുണ്ടായിരുന്നത് ആയിരം പേര്‍ മാത്രമായിരുന്നു, സേവാഗ്, സച്ചിന്‍, ലക്ഷ്മണന്‍ തുടങ്ങിയവരെല്ലാം കളിക്കുമ്പോഴാണ് ഈ അവസ്ഥ’ – ഗംഭീര്‍ ഒരു പുസ്തക പ്രകാശന ചടങ്ങിനിടെ പറഞ്ഞു.

ഇന്ത്യയ്ക്ക് വേണ്ടി 58 ടെസ്റ്റ് മത്സരങ്ങളും 147 ഏകദിനങ്ങളും 37 ടി20 മത്സരങ്ങളും കളിച്ച താരമാണ് ഗംഭീര്‍. പതിനൊന്നാം സീസണ്‍ ഐ പി എല്ലില്‍ ഡല്‍ഹി ഡെയര്‍ ഡെവിള്‍സ് ക്യാപ്റ്റനായിരുന്ന ഗംഭീര്‍ പിന്നീട് സ്ഥാനമൊഴിയുകയും ആദ്യ ഇലവനില്‍ നിന്ന് മാറി നില്‍ക്കുകയും ചെയ്തിരുന്നു. ലീഗില്‍ അവസാന സ്ഥാനത്താണ് ഡല്‍ഹി.