SHARE

കോവിഡ് 19 ന്റെ പശ്ചാത്തലത്തിൽ നീട്ടിവെച്ച ഈ വർഷത്തെ ഇന്ത്യൻ പ്രീമിയർ ലീഗ് സെപ്റ്റംബർ-നവംബർ ജാലകത്തിൽ നടന്നേക്കുമെന്ന് സൂചന. രാജ്യത്തെ കോവിഡ് കേസുകളിൽ കുറവ് സംഭവിക്കുന്ന മുറയ്ക്ക് സെപ്റ്റംബർ 25 മുതൽ നവംബർ 1 വരെയുള്ള‌ കാലയളവിൽ ടൂർണമെന്റ് നടത്താനാണ് ബിസിസിഐയ്ക്ക്‌ പദ്ധതിയെന്നാണ് പുറത്ത് വരുന്ന റിപ്പോർട്ട്. ലോകമെമ്പാടുമുള്ള ക്രിക്കറ്റ് പ്രേമികൾക്ക് വലിയ ആവേശം സമ്മാനിക്കുന്ന വാർത്തയാണിത്.

രാജ്യം നാലാംഘട്ട ലോക്ക് ഡൗണിലൂടെ കടന്ന് പോകുന്ന ഈ സമയത്ത് ഐപിഎൽ നടത്തിപ്പിന്റെ ‌കാര്യത്തിൽ തങ്ങൾക്ക് ഒറ്റയ്ക്ക് അന്തിമ‌തീരുമാനം കൈക്കൊള്ളാനാവില്ലെന്നും, അത് കൊണ്ടു തന്നെ ഇക്കാര്യത്തിൽ ഇന്ത്യൻ സർക്കാരിൽ നിന്നുള്ള നിർദ്ദേശത്തിനായി കാത്തിരിക്കുകയാണെന്നുമാണ് ബിസിസിഐയ്ക്കുള്ളിൽ നിന്ന് പുറത്ത് വരുന്ന വാർത്ത. ടൂർണമെന്റ് ഉപേക്ഷിച്ചാൽ താങ്ങാനാവുന്നതിലും അധികം നഷ്ടം തങ്ങൾക്ക് സംഭവിക്കുമെന്ന് ബിസിസിഐയ്ക്ക് ഉറപ്പുള്ളതിനാൽ ഏത് വിധേനയും മത്സരങ്ങൾ നടത്താനാണ് അവർ ശ്രമിക്കുന്നത്. അതേ സമയം ഐപിഎൽ ഇത്തവണ നടന്നാലും അടച്ചിട്ട സ്റ്റേഡിയങ്ങളിലായിരിക്കും മത്സരങ്ങൾ.